ന്യൂഡല്‍ഹി: സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ജഡ്ജുമാരെ ഒഴിവാക്കിയാണ് ബെഞ്ച് പുനഃസംഘടിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേതാണ് നടപടി. ആധാര്‍, ശബരിമലയിലെ സ്ത്രീ പ്രവേശനം, സ്വവര്‍ഗരതി തുടങ്ങിയ കേസുകളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലുള്ളത്.
സുപ്രധാന കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ തീരുമാനിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സുപ്രീം കോടതിയില്‍ ജഡ്ജുമാര്‍ക്കിടയില്‍ ഭിന്നതയുണ്ടായത്. ഏറെ നാളായി പുകയുന്ന അഭിപ്രായ ഭിന്നത പരസ്യമാക്കി ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍, രഞ്ജന്‍ ഗൊഗോയി എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്. ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയിലായിരുന്നു വാര്‍ത്താ സമ്മേളനം.
അമിത് ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് ജൂണിയര്‍ ജഡ്ജിന്റെ ബെഞ്ചിന് അനുവദിച്ചത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലായിരുന്നു ജഡ്ജുമാരുടെ പരസ്യ വിയോജിപ്പ്. ജഡ്ജുമാര്‍ക്കിടയിലെ അഭിപ്രായ ഭിന്നത വന്‍ പ്രതിസന്ധിക്കാണ് വഴിവച്ചത്.
Leave a Reply