പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്നു ശക്തമായ അഭിപ്രായമുയർന്നിട്ടുണ്ടെങ്കിലും ഐ ഗ്രൂപ്പിലെ ഒരു വിഭാഗം രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന നിലപാടിലാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാരിനെ കടുത്ത സമ്മർദത്തിലാക്കാൻ ചെന്നിത്തലയ്ക്കു കഴിഞ്ഞിരുന്നുവെന്നത് ഇവർ എടുത്തു കാട്ടുന്നു
എന്നാൽ ചെന്നിത്തല മാറി വി.ടി.സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരട്ടെ എന്നാഗ്രഹിക്കുന്ന എംഎൽഎമാരും ഐ ഗ്രൂപ്പിലുണ്ട്. പരസ്യ പിന്തു ചെന്നിത്തലയ്ക്ക് നൽകിയാലും ഹൈക്കമാൻഡ് നിരീക്ഷകർ ഒറ്റയ്ക്ക് അഭിപ്രായം തേടുമ്പോൾ ഇവർ പിന്തുണ സതീശനാണെന്ന് വ്യക്തമാക്കുമെന്നാണ് വിവരം.
യോഗത്തിൽ തർക്കങ്ങളുണ്ടായില്ലെങ്കിൽ ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടർന്നേക്കും. നേരത്തെ ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ പെട്ടെന്നു തീരുമാനം പറയേണ്ടെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ഉമ്മൻ ചാണ്ടി ഇതുവരെ മനസു തുറന്നിട്ടില്ലെങ്കിലും ചെന്നിത്തല തന്നെ തുടരട്ടെ എന്ന നിലപാടിലാണ് ഭൂരിഭാഗം എ ഗ്രൂപ്പ് എംഎൽഎമാരും.
എന്നാൽ യുവപ്രതിനിധികൾ നേതൃതലത്തിൽ മാറ്റം വരണമെന്ന നിലപാടിലാണ്. അതേസമയം എ ഗ്രൂപ്പ് തന്റെ പേര് ഉയർത്തി കാട്ടാത്തതിൽ തിരുവഞ്ചൂർ രാധാകൃഷ്ണന് അതൃപ്തിയുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടിക്കു കാരണം നേതൃത്വമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നേരത്തെ ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം നടന്ന രാഷ്ട്രീയകാര്യ സമിതിയിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം ഉയരുകയും ചെയ്തിരുന്നു.
Leave a Reply