ബെംഗളൂരു ∙ കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിൽ കാവേരി വന്യജീവി സങ്കേതത്തിനു കീഴിലെ ഷാഗ്യ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അന്തോണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് മരിച്ചത്. വന്യമൃഗങ്ങളെ വേട്ടയാടാൻ ഒരു സംഘം കാട്ടിൽ കയറിയെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം ഉണ്ടായതെന്ന് വനംവകുപ്പ് അറിയിച്ചു.

ഉദ്യോഗസ്ഥരെ കണ്ടതോടെ വേട്ടസംഘം വെടിയുതിർത്തെന്നും തുടർന്ന് സ്വയംരക്ഷാർഥം തിരിച്ചുവെടിവയ്ക്കുകയായിരുന്നുവെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവസ്ഥലത്ത് നിന്ന് നാടൻ തോക്കും മാൻ ഇറച്ചിയും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു വനംവകുപ്പ് ജീവനക്കാരന് പരുക്കേറ്റതായും ഇയാളെ കൊള്ളെഗാല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾ രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, വനംവകുപ്പിന്റെ വാദം തള്ളി നാട്ടുകാർ രംഗത്തെത്തി. കൊല്ലപ്പെട്ടവരെ കസ്റ്റഡിയിലെടുത്ത ശേഷം വളരെ അടുത്തുനിന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഗ്രാമവാസികളുടെ ആരോപണം. മരിച്ചവർ കന്നുകാലികളെ മേയ്ക്കാൻ പോയതാണെന്ന് ബന്ധുക്കളും പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ഷാഗ്യയിലെ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസ് ആക്രമിക്കുകയും വാഹനങ്ങളും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. മൃതദേഹങ്ങൾ മൈസൂരുവിലെ കെ.ആർ. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധം തുടരുന്നതിനിടെ പ്രദേശത്ത് വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.