കേരള പാഠാവലി ഏഴാം ക്ലാസിലെ നവോത്ഥാന ചരിത്രത്തിൽനിന്ന് നവോത്ഥാന രാജശില്പിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ തമസ്കരിച്ചു. സംസ്ഥാന സിലബസിലെ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ “നവകേരള സൃഷ്ടിക്കായി’ എന്ന എട്ടാം അധ്യായത്തിലാണു കേരളത്തിന്റെ നവോത്ഥാന നായകരെപ്പറ്റി വിശദമായ വിവരണമുള്ളത്.
ശ്രീനാരായണഗുരുവിൽനിന്നു തുടങ്ങുന്ന ചരിത്രത്തിൽ ചട്ടമ്പിസ്വാമികൾ, വൈകുണ്ഠസ്വാമികൾ, പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ, അയ്യൻകാളി, പണ്ഡിറ്റ് കെ.പി. കറുപ്പൻ, വക്കം അബ്ദുൾഖാദർ മൗലവി, വാഗ്ഭടാനന്ദൻ, വി.ടി. ഭട്ടതിരിപ്പാട് എന്നിവരെക്കുറിച്ചും പരാമർശമുണ്ട്.
1856 ഓഗസ്റ്റ് 20നു ജനിച്ച ശ്രീനാരായണഗുരുവിനേക്കാൾ അഞ്ചുപതിറ്റാണ്ടുമുമ്പ് 1805 ഫെബ്രുവരി 10നു ജനിച്ച് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു നാന്ദികുറിച്ച യുഗപുരുഷനായ വിശുദ്ധ ചാവറയച്ചനെക്കുറിച്ച് ഒരുവരിപോലും കുരുന്നുകൾ പഠിക്കുന്ന പുസ്തകത്തിലില്ല.
1846ൽ മാന്നാനത്ത് സംസ്കൃത വിദ്യാലയം ആരംഭിച്ച ചാവറയച്ചൻ ആർപ്പൂക്കര ഗ്രാമത്തിൽ കീഴാള വർഗക്കാരുടെ കുട്ടികൾക്കായി പ്രൈമറി വിദ്യാലയം തുടങ്ങിയതും സവർണ വിദ്യാർഥികൾക്കൊപ്പം അവർണർക്കും ഒരേ ബഞ്ചിൽ സ്ഥാനം നൽകിയതും, ഒട്ടിയ വയറുമായി പഠിക്കാൻവന്ന വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം ഏർപ്പെടുത്തിയതുമൊന്നും സ്റ്റേറ്റ് എഡ്യൂക്കേണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്സിഇആർടി) എന്ന വിദഗ്ധസമിതി കണ്ടില്ലെന്നതു വിചിത്രം.
1864-ൽ ചാവറയച്ചൻ കേരള കത്തോലിക്കാസഭയുടെ വികാരി ജനറാളായിരിക്കെയാണ് പള്ളിയോടു ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനംചെയ്തു നടപ്പാക്കിയത്. അന്നു ശ്രീനാരായണഗുരുവിന്റെ പ്രായം എട്ടുവയസാണ്.
ചാവറയച്ചനു മുമ്പേ, വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യന്റെ സമഗ്ര വിമോചനം യാഥാർഥ്യമാകൂവെന്ന മിഷണറിമാരുടെ ദർശനമാണ് 1806-16 കാലഘട്ടത്തിൽ തെക്കൻ തിരുവിതാംകൂറിൽ വിദ്യാലയങ്ങൾ ആരംഭിക്കാൻ ഇടയാക്കിയത്.
1825ൽ ആലപ്പുഴയിൽ പെണ്കുട്ടികൾക്കായി സ്കൂൾ സ്ഥാപിക്കപ്പെട്ടതും 1818-ൽ മട്ടാഞ്ചേരിയിലും 1856ൽ തലശേരിയിലും ഇംഗ്ലീഷ് സ്കൂൾ വന്നതും 1848ൽ കോഴിക്കോട് കല്ലായിയിൽ പ്രൈമറി സ്കൂൾ ആരംഭിച്ചതുമൊന്നും വിസ്മരിക്കാൻ പാടില്ലാത്തതാണ്. അടിമസമ്പ്രദായവും അയിത്തവും അന്ധവിശ്വാസവും കൊടികുത്തിവാണിരുന്ന കേരളമണ്ണിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയതു മിഷണറിമാരും ചാവറയച്ചനും ഉൾപ്പെടെയുള്ളവരാണ്.
Leave a Reply