മലപ്പുറം ∙ കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.പി.സുലൈമാൻ ഹാജിയുടെ നാമനിർദേശ പത്രിക മാറ്റിവച്ചത് സത്യവാങ്മൂലത്തിൽ സ്വത്ത്, ജീവിത പങ്കാളിയുടെ സ്വത്ത് തുടങ്ങിയവയിൽ വിവരങ്ങൾ മറച്ചുവച്ചെന്ന് ആരോപണത്തെത്തുടർന്ന്. സത്യവാങ്മൂലത്തിൽ ജീവിത പങ്കാളിയുടെ പേരിനും സ്വത്തിനും നേരെ ‘ബാധകമല്ല’ എന്നാണ് രേഖപ്പെടുത്തിയതെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ഇന്ന് രാവിലെ നടന്ന സൂക്ഷ്മപരിശോധനയിലാണ് യുഡിഎഫ് പ്രവർത്തകർ പരാതി ഉന്നയിച്ചത്. വാഗ്വാദങ്ങൾക്കു ശേഷം പത്രിക പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചതായി റിട്ടേണിങ് ഓഫിസർ അറിയിക്കുകയായിരുന്നു.
സുലൈമാൻ ഹാജിക്ക് നിലവിലെ ഭാര്യക്കു പുറമെ പാക്കിസ്ഥാൻ സ്വദേശിനിയായ ഭാര്യയുണ്ടെന്നും അവരുടെയും വിവരങ്ങൾ നാമനിർദേശ പത്രികയിൽ ഇല്ലെന്നും പ്രവർത്തകർ പരാതി ഉന്നയിച്ചു. പാക്കിസ്ഥാൻ സ്വദേശിനിയോടൊപ്പമുള്ളതെന്ന് അവകാശപ്പെടുന്ന വിവാഹ ഫോട്ടോയും മറ്റു ചില രേഖകളും ഇവർ കാണിച്ചു. ഇതിനു പുറമെ അദ്ദേഹം കേരളത്തിൽ റജിസ്റ്റർ ചെയ്ത ഒരു കമ്പനിയുടെ വിവരങ്ങളും സ്വത്തിനൊപ്പമില്ലെന്നുമാണ് അവരുടെ വാദം.
എന്നാൽ ഇതെല്ലാം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് എൽഡിഎഫ് പ്രവർത്തകർ പ്രതികരിച്ചു. തുടർന്ന് പത്രിക പരിഗണിക്കുന്നത് തിങ്കളാഴ്ച രാവിലത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
Leave a Reply