മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിലെ നിര്‍ണായക തെളിവായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്ന ബസിലെ സി.സി.ടി.വി.യുടെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതിൽ പ്രതികരിച്ച് ഡ്രൈവർ എച്ച്.എൽ യദു. മെമ്മറി കാർഡ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നെന്ന് യദു പറഞ്ഞു. ഇനി ബസ് തന്നെ കാണാതാകുമെന്നും അദ്ദേഹം ആരോപിച്ചു.
മേയറുമായുള്ള പ്രശ്നത്തിന് ശേഷം കെ.എസ്.ആർ.ടി.സി.യുടെ കസ്റ്റഡിയിലായിരുന്നു ബസ്. ഡിപ്പോയില്‍ ഒതുക്കിയിട്ടിരുന്ന ബസ് താൻ കണ്ടിരുന്നു. ഇപ്പോഴാണ് പോലീസ് ബസ് പരിശോധിക്കുന്നത്. താന്‍ ഒരു താത്ക്കാലിക ജീവനക്കാരനാണ്. മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിക്കാൻ താന്‍ ആളല്ല. ഒരു ഉദ്യോഗസ്ഥയെ പറഞ്ഞതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല.
ഇങ്ങനെയൊരു ക്യാമറയുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഇത് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. ഇനി ബസ് തന്നെ കാണാതാകുന്ന അവസ്ഥ വരും. ക്യാമറകൾ റിക്കോഡിങ്ങാണെന്നും താന്‍ ശ്രദ്ധിച്ചിരുന്നു.
കമ്മിഷണർ ഓഫീസിൽ ബുധനാഴ്ച പരാതിയുമായി പോയിരുന്നു. നീ മറ്റ് പല കേസുകളിലും പ്രതിയല്ലേ എന്ന ചോദ്യമാണ് പോലീസിൽ നിന്നുമുണ്ടായത്. മേയറെ താൻ അശ്ലീലം കാണിച്ചുവെന്ന രീതിയിലാണ് അവര്‍ പെരുമാറുന്നത്.
മാധ്യമങ്ങളും ഡ്രൈവർ സംഘടനകളിൽപ്പെട്ടവരുമല്ലാതെ ആരും തന്നെ വിളിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനും വിഷയത്തിൽ താനുമായി സംസാരിച്ചിട്ടില്ല. അവർ ഇടപെട്ട് കഴിഞ്ഞാൽ അവരുടെ ജോലി പോകുന്ന അവസ്ഥയാണെന്നും യദു കൂട്ടിച്ചേർത്തു.
ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു. മേയറും ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ബസിലെ ക്യാമറകള്‍ പരിശോധിക്കാത്തതില്‍ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. മേയര്‍ക്കെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.
ക്യാമറകള്‍ പരിശോധിക്കാന്‍ ആദ്യം വിമുഖത കാണിച്ചിരുന്ന പോലീസ് ബുധനാഴ്ച രാവിലെയാണ് ബസ് പരിശോധിക്കാനെത്തിയത്. പരിശോധനയില്‍ ക്യാമറയുടെ ഡിവിആര്‍ ലഭിച്ചു. എന്നാല്‍, ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല. മെമ്മറി കാർഡ് നേരത്തെ ഉണ്ടായിരുന്നോയെന്നും ആരെങ്കിലും മാറ്റിയതാണോ എന്നും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
Leave a Reply