‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചത് സഭയുടെ മുന്‍നിലപാടുകളുടെ തുടര്‍ച്ചയെന്ന് വിലയിരുത്തല്‍. നര്‍ക്കോട്ടിക് ജിഹാദ് നിലവിലുണ്ടെന്ന് കഴിഞ്ഞവര്‍ഷം പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് നിലപാടെടുത്തിരുന്നു. ലവ് ജിഹാദ് വഴി കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി ഇടുക്കി മുന്‍ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ 2015-ല്‍ നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. ഇപ്പോള്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് തിരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധമില്ലെന്നാണ് വാദം.
സിനിമ പ്രദര്‍ശിപ്പിച്ചതില്‍ അനൗചിത്യം ഉണ്ടാകാമെങ്കിലും അതില്‍ തെറ്റുണ്ടെന്നു പറയാനാകില്ലെന്ന് സഭയുടെ ഔദ്യോഗികപക്ഷത്തുള്ളവര്‍ പറഞ്ഞു. ഇതില്‍ ഒരു രാഷ്ട്രീയവുമില്ല. ഏതെങ്കിലും കക്ഷിക്ക് വോട്ടുചെയ്യാന്‍ മെത്രാന്മാര്‍ പറഞ്ഞാല്‍ വിശ്വാസികള്‍ വോട്ടുചെയ്യുന്ന കാലമൊക്കെ പോയി. മണിപ്പുര്‍ വിഷയമൊക്കെ വിശ്വാസികളുടെ മനസ്സിലുണ്ട് -മുതിര്‍ന്ന വൈദികന്‍ പറഞ്ഞു.
അതേസമയം, സിനിമാപ്രദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് സിറോ മലബാര്‍സഭ മുന്‍വക്താവ് ഫാ. പോള്‍ തേലക്കാട്ട് രംഗത്തെത്തി. ഇന്ത്യയില്‍ ഇപ്പോഴെന്താണ് നടക്കുന്നതെന്നറിയാത്ത അപക്വമതികളുടെ അവിവേകവും ആത്മഹത്യാപരവുമായ നടപടിയാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിഷയത്തില്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. സഭയ്ക്ക് നിര്‍ണായകസ്വാധീനമുള്ള മണ്ഡലമാണ് ഇടുക്കി. 2014-ല്‍ കോണ്‍ഗ്രസ് അവിടെ പരാജയപ്പെടാനുള്ള ഒരു കാരണവും അന്ന് എം.പി.യായിരുന്ന പി.ടി. തോമസ് രൂപതയ്ക്കെതിരേ സ്വീകരിച്ച നിലപാടുകളായിരുന്നു. സിനിമാ പ്രദര്‍ശനത്തെ അപലപിച്ച പ്രതിപക്ഷനേതാവിനെ കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി രൂക്ഷമായി വിമര്‍ശിച്ചു. പള്ളിപ്പറമ്പില്‍ക്കയറി സതീശന്‍ അഭിപ്രായം പറയേണ്ടെന്ന് അദ്ദേഹം ‘മാതൃഭൂമി’യോടു പറഞ്ഞു.
Leave a Reply