ഡോ. ഷർമദ്‌ ഖാൻ

പാകം ചെയ്തും അല്ലാതെയും മനുഷ്യൻ ആഹാരത്തെ ഉപയോഗിക്കുന്നു. പാകപ്പെടുത്താത്ത ആഹാരമെന്നാൽ തീയിൽ വേവിക്കാത്തത് എന്നാണ് പ്രധാന അർത്ഥം. എന്നാൽ അവയെല്ലാം തന്നെ സൂര്യന്റെ താപത്താൽ പാകപ്പെട്ടതുമാണ്. ഏതെങ്കിലും തരത്തിൽ പാകപ്പെട്ട ആഹാരം നാം കഴിക്കുമ്പോൾ ശരീരത്തിനുള്ളിൽ വീണ്ടുമൊരു പാകം കൂടി സംഭവിക്കുന്നതിലൂടെയാണ് ശരിയായ ദഹനവും ആഗീരണവും സാധ്യമാകുന്നത്. ഇതിൽ ശരീരത്തിനകത്ത് നടക്കുവാനുള്ള പാകത്തെ സഹായിക്കുവാനാണ് ആദ്യത്തെ പാകം ആവശ്യമായി വരുന്നത്.

വളരെക്കാലത്തെ നിരീക്ഷണ പരീക്ഷണങ്ങൾക്ക് ശേഷമാണ് തീയിൽ നേരിട്ടും, പാത്രങ്ങൾ ഉപയോഗിച്ചും, എന്താണോ പാചകം ചെയ്യേണ്ടത് അതിനനുസരിച്ചുള്ള പാത്രങ്ങൾ ഉപയോഗിച്ചും ഒക്കെ മനുഷ്യൻ ക്രമേണ പാകം ചെയ്ത് ഭക്ഷിക്കുവാൻ തുടങ്ങിയത്. എന്നാൽ സൗകര്യങ്ങൾക്കും സമയലാഭത്തിനും പ്രാധാന്യം നല്കിയപ്പോൾ ആരോഗ്യകരമായി ഭക്ഷണം പാകം ചെയ്തു കഴിക്കുവാനുള്ള പാത്രങ്ങൾ ഉപയോഗിക്കുവാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ട് തന്നെ ഇപ്പോൾ ഉപയോഗിക്കുന്ന പല പാത്രങ്ങൾക്കും ആരോഗ്യത്തെ നശിപ്പിക്കുവാനും, മുൻകാലങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന പലതിനും ആരോഗ്യത്തെ സംരക്ഷിക്കുവാനും കഴിവുണ്ട് എന്ന വസ്തുതയ്ക്ക് നമ്മൾ പ്രാധാന്യം നൽകണം.

ലോഹനിർമ്മിതമല്ലാത്ത സെറാമിക്, ഗ്ലാസ്സ്, മൺപാത്രങ്ങളേക്കാൾ ലോഹനിർമ്മിതമായ അലുമിനിയം, സ്റ്റെയിൻലെസ്സ് സ്റ്റീൽ, ഇരുമ്പ്,ബ്രാസ്, ബ്രോൺസ് തുടങ്ങി നിരവധി ഇനം പാത്രങ്ങൾ മാർക്കറ്റിലുണ്ട്.

ചൂടുള്ള ആഹാരം വാഴയിലയിൽ കഴിക്കുന്നതും, വാഴയിലയിൽ പൊതിഞ്ഞ് പലഹാരങ്ങൾ വേവിച്ചെടുക്കുന്നതും, വാഴയില വാട്ടിയെടുത്തതിൽ ചോറ് പൊതിഞ്ഞ് മണിക്കൂറുകളോളം സൂക്ഷിച്ചുപയോഗിക്കുന്നതും വളരെ ഹൃദ്യവും രുചികരവുമാണ്.

എന്നാൽ അലുമിനിയം ഫോയിൽ, ഗ്രോസറി,പ്ളാസ്റ്റിക് കോട്ടിംഗ് പേപ്പർ തുടങ്ങിയവ സുരക്ഷിതമല്ല. ചൂടാറാതിരിക്കാൻ ഉപയോഗിക്കുന്ന കാസറോൾ വലിയ കുഴപ്പമില്ല. ഉച്ചയ്ക്ക് ഭക്ഷണത്തിനുള്ള ആഹാരം രാവിലെ പാത്രത്തിൽ നിറയ്ക്കുമ്പോൾ കുത്തി ഞെരുക്കി വെയ്ക്കാതെ പാത്രത്തിന്റെ നാലിലൊന്ന് ഭാഗം ഒഴിച്ചിടുന്നതാണ് നല്ലത്. ഹൈ ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങളും വാട്ടർ ബോട്ടിലുകളും മാത്രമേ സ്കൂളിലും ജോലിസ്ഥലത്തും ഭക്ഷണവും വെള്ളവും കൊണ്ടുപോകാൻ ഉപയോഗിക്കാവൂ.

മൺപാത്രങ്ങളിൽ പാകം ചെയ്യുന്ന ആഹാരത്തിന്റെ പലവിധ രുചികൾ ആസ്വദിച്ചിട്ടുള്ളവർക്ക് അത് അത്രവേഗം മറക്കാനാകില്ല. വിറകടുപ്പിൽ മൺപാത്രം ഉപയോഗിച്ച് കറി വെയ്ക്കുകയും ചോറ് വയ്ക്കുകയും ചെയ്യുന്നവർ ഇപ്പോഴും അത്ര കുറവുമല്ല.

മുമ്പത്തെ രീതിയിലല്ലെങ്കിലും ചില സാധനങ്ങൾ ചുട്ട് കഴിക്കുന്നത് പലർക്കും വലിയ ഇഷ്ടമാണ്. ചുട്ട് കഴിച്ചവ രുചികരമാണെങ്കിലും ആരോഗ്യകരമല്ല. അല്ലെങ്കിൽ തന്നെ തീയിൽ ചുട്ടെടുക്കുന്നത് പോലെയല്ല ഗ്യാസിൽ ചുട്ടെടുക്കുന്നത്. ഗ്യാസിൽ നേരിട്ട് ചുട്ടെടുക്കുന്ന ചപ്പാത്തിയും ചിക്കനും ഹൈഡ്രോകാർബണുകളുടെ സാന്നിദ്ധ്യത്തെ വർധിപ്പിക്കുമെന്നതിനാൽ ഹാനികരമായി മാറുന്നു. ഓരോ ആഹാരവും പാചകം ചെയ്യുമ്പോൾ ചില പ്രത്യേകതരം വിറകുകൾ ഉപയോഗിക്കാൻ പാടില്ലെന്ന നിർദ്ദേശം മുൻകാലങ്ങളിൽ പാലിച്ചിരുന്നു.

ബ്രാസ്സ് പാത്രങ്ങൾ

സിങ്കിന്റേയും ചെമ്പിന്റേയും സംയുക്തമാണ് ബ്രാസ്സ്. എണ്ണയും നെയ്യും ചേർന്നവ പാചകം ചെയ്യുന്നതിന് ഏറ്റവും ഉത്തമം. ഇത്തരം പാത്രങ്ങളിൽ ശേഖരിച്ച് വെച്ച വെള്ളം 48 മണിക്കൂറുകൾക്ക് ശേഷം നമുക്ക് ഹാനികരമായേക്കാവുന്ന ഇ കോളി ബാക്ടീരിയകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതായി പഠനങ്ങൾ ഉണ്ട്. ശരിയായ ഇടവേളകളിൽ ചെമ്പ് പാത്രങ്ങൾ ഇയ്യം പൂശി ഉപയോഗിച്ചാൽ അനുവദനീയമല്ലാത്ത അളവിൽ ചെമ്പ് നമ്മുടെ ശരീരത്തിൽ കടക്കില്ല. വല്ലപ്പോഴും മാത്രം പാകം ചെയ്യാൻ എടുക്കുന്ന ചെമ്പ് പാത്രങ്ങൾ ശരിയായി കഴുകി വൃത്തിയാക്കിയവ ആയിരിക്കണം. ബ്രോൺസ് പാത്രങ്ങളിലെ പ്രധാന ഘടകം ചെമ്പ് തന്നെയാണ്. കൂടാതെ ടിൻ, ചെറിയതോതിൽ ലെഡ്, സിലിക്ക എന്നിവയും അടങ്ങിയിട്ടുണ്ട്.

ഇരുമ്പ് പാത്രങ്ങൾ

പുളി ഉള്ളതോ അസിഡിക് ആയതോ ആയവ പാകം ചെയ്യാൻ ഇവ അത്ര നല്ലതല്ല. അഥവാ സാമ്പാർ, രസം, തക്കാളിക്കറി എന്നിവ പാചകം ചെയ്യുകയാണെങ്കിൽ ഉടൻതന്നെ കഴുകിയുണക്കി എണ്ണ പുരട്ടി വയ്ക്കണം. ഇരുമ്പുപാത്രങ്ങളിൽ വളരെനേരം വെള്ളം ശേഖരിച്ചു വച്ചാൽ വേഗം തുരുമ്പ് പിടിക്കും.ചീര മുതലായ ഇലക്കറികൾ പാകം ചെയ്യാൻ ഇരുമ്പ് പാത്രങ്ങൾ നല്ലതാണ്. അവ വിളർച്ച സംബന്ധമായ അസുഖങ്ങളെ കുറയ്ക്കും. പേപ്പർ, തെർമോകോൾ എന്നിവ കൊണ്ട് നിർമ്മിതമായ കപ്പ്, വാഴയില, പാത്രം എന്നിവ മെഴുക് ആവരണത്തോട് കൂടിയതും ചൂടുള്ള ആഹാരസാധനങ്ങക്കൊപ്പം ഉള്ളിൽചെന്ന് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയുമാണ്.

നോൺസ്റ്റിക് പാത്രങ്ങൾ

ഉപയോഗിക്കാൻ ഇവ സൗകര്യമാണെങ്കിലും ആരോഗ്യപരമായി ഹാനികരമാണ്. ഇതിലെ പോളീ ടെട്രാ ഫ്ലോറോ എത്തിലീൻ ( PPFE ) എന്ന ടഫ്ളോൺ കോട്ടിംഗിലെ പെർഫ്ലൂറോ ഒക്ടനോയിക് ആസിഡിന്റെ (PFOA)സാന്നിദ്ധ്യം കാൻസർ, തൈറോയ്ഡ് രോഗങ്ങൾ, കൊളസ്ട്രോൾ, കരൾരോഗങ്ങൾ, ജന്മ വൈകല്യങ്ങൾ, രോഗപ്രതിരോധശേഷിക്കുറവ് ,സന്ധിരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അലൂമിനിയം പാത്രങ്ങൾ

പാചകം ചെയ്യുന്നതിന് അലൂമിനിയം പാത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.അവയിൽ പലതും നിർദ്ദേശിക്കപ്പെട്ട ഗുണമേന്മയുള്ളവയല്ല. ഇക്കാരണത്താൽ മനുഷ്യർക്ക് അനുവദനീയമായതിന്റെ ഇരട്ടിയിലേറെ അലൂമിനിയം ദിനംപ്രതി ശരീരത്തിലെത്തുന്നു. ഇത് ഇരുമ്പിന്റേയും കാൽസ്യത്തിന്റേയും ആഗീരണത്തെ തടയുന്നതിലൂടെ അനീമിയ അഥവാ വിളർച്ച രോഗമുണ്ടാകുന്നതിനും മറവിരോഗം അഥവാ അൽഷിമേഴ്‌സ് ഉണ്ടാകുന്നതിനും കാരണമാകുന്നു.

നല്ല പാത്രം ഏത് ?

സ്റ്റീൽ പാത്രങ്ങൾ പാചകത്തിന് നല്ലതാണ്. എന്നാൽ ഇവ പെട്ടെന്ന് ചൂടാകുമെങ്കിലും ഒരുപോലെ എല്ലാഭാഗത്തും ചൂട് ക്രമീകരിക്കാൻ കഴിയുന്നവയല്ല. ആയതിനാൽ പാത്രത്തിന്റെ അടിഭാഗത്ത് ചെമ്പും മുകൾവശത്ത് തുരുമ്പെടുക്കാത്തസ്റ്റീലും കൊണ്ട് നിർമ്മിച്ച (കോപ്പർ ബോട്ടംഡ് സ്റ്റെയിൻലെസ് സ്റ്റീൽ) പാത്രങ്ങളാണ് പാചകത്തിന് ഏറ്റവും നല്ലത്.

 

ഡോ. ഷർമദ്‌ ഖാൻ

സീനിയർ മെഡിക്കൽ ഓഫീസർ

ആയുർവേദ ദിസ്പെന്സറി

ചേരമാൻ തുരുത്ത്

തിരുവനന്തപുരം .