ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ നാലിന് നടന്ന തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിൽ ഒന്ന് അനധികൃത കുടിയേറ്റം ആയിരുന്നു . കുടിയേറ്റം ചെറുക്കുന്നതിൽ പരാജയപ്പെട്ടതാണ് ഋഷി സുനക് സർക്കാരിൻറെ ജനപിന്തുണ കാര്യമായി കുറയുന്നതിന് കാരണമായത്. അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടികളും തിരിച്ചടിയായതായാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ഗവൺമെൻറ് അധികാരത്തിലെത്തി റുവാണ്ട പദ്ധതി റദ്ദാക്കിയതോടെ ഇതിനായി ചിലവഴിച്ച 320 മില്യൺ പൗണ്ട് ആണ് വെള്ളത്തിലായത്. ഈ സാഹചര്യത്തിൽ അനധികൃത കുടിയേറ്റം തടയാൻ പുതിയ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
യെവെറ്റ് കൂപ്പർ ആണ് പുതിയ ആഭ്യന്തര സെക്രട്ടറി. കുടിയേറ്റം കുറയ്ക്കുന്നതിനായി യുകെ ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കുന്നതിനുള്ള ആദ്യ നടപടികൾ ആരംഭിച്ചതായി യെവെറ്റ് കൂപ്പർ അറിയിച്ചു. കുടിയേറ്റ വിഷയത്തിൽ എടുക്കുന്ന ഫലപ്രദമായ നടപടികളെ കുറിച്ച് പുതിയ സർക്കാരിൻറെ ആദ്യ പ്രതികരണമാണ് ഇത്. ഇംഗ്ലീഷ് ചാനലിലെ ചെറിയ ബോട്ടുകൾ ഉപയോഗിച്ചുള്ള അനധികൃത കടന്നു കയറ്റം കുറയ്ക്കുന്നതിന് യുകെ ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കുന്നതിലൂടെ തടയാൻ സാധിക്കുമെന്നാണ് ഗവൺമെൻറ് വിലയിരുത്തുന്നത്.
രാജ്യത്ത് ആസൂത്രിതമായി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനായി സംഘടിതമായി കുടിയേറ്റം നടത്തുന്ന തീവ്രവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് പുതിയ നിയമം പാർലമെൻറിൽ അവതരിപ്പിക്കാനും സർക്കാർ തലത്തിൽ തീരുമാനമായിട്ടുണ്ട്. ഇൻ്റലിജൻസ് ഏജൻസികൾ, പോലീസ്, ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റ്, ബോർഡർ ഫോഴ്‌സ് എന്നിവയുടെ പ്രവർത്തനങ്ങൾ ഒരുമിച്ച് കൊണ്ടുവരാനായി ഒരു കമാൻഡ് ലീഡറിൻ്റെ നിയമനം ഉടനെ ഉണ്ടാകുമെന്ന് ഹോം ഓഫീസ് അറിയിച്ചു. ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കുന്നതിന് റുവാണ്ട പദ്ധതിയിൽ നിന്ന് 75 മില്യൺ പൗണ്ട് വിനിയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ലേബർ പാർട്ടിയുടെ വാഗ്ദാനത്തിന്റെ തുടർച്ചയായാണ് ഹോം ഓഫീസിന്റെ ഈ നടപടികൾ.
Leave a Reply