ബ്രിട്ടനിലെ ആദ്യ എയര്‍ ടാക്‌സി നാലു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന അവകാശവാദവുമായി ടെക്‌നോളജി കമ്പനി. ബ്രിസ്റ്റോള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെര്‍ട്ടിക്കല്‍ എയറോസ്‌പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ആണ് എയര്‍ ടാക്‌സി എന്ന ആശയവുമായി രംഗത്തെത്തിയത്. 2016ല്‍ ആരംഭിച്ച കമ്പനി വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിംഗും നടത്താനാകുന്ന ഒരു എയര്‍ക്രാഫ്റ്റ് നിര്‍മിക്കുകയും അത് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗതക്കുരുക്കള്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രിയില്‍ നാഴികക്കല്ലാണ് ഈ കണ്ടുപിടിത്തം. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ എയര്‍ക്രാഫ്റ്റുകള്‍ ഓണ്‍ ഡിമാന്‍ഡ് പേഴ്‌സണല്‍ എയര്‍ ട്രാവല്‍ സാധ്യമാക്കുമെന്നാണ് കമ്പനി പറയുന്നത്. ഇത് പൂര്‍ണ്ണമായും മലിനീകരണ മുക്തവുമാണ്.

ഹെലികോപ്റ്ററിനു സമാനമായ ബോഡിയില്‍ നാലു വശത്തും പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ച ഡിസൈനാണ് ഇതിനുള്ളത്. ഈ രൂപഘടന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിംഗും സാധ്യമാക്കുന്നതിനാല്‍ പൈലറ്റിന്റെ സഹായമില്ലാതെ തന്നെ പ്രവര്‍ത്തിപ്പിക്കാനാകും. പ്രത്യേക വിമാനത്താവളങ്ങളുടെ ആവശ്യവും ഇതോടെ ഇല്ലാതാകും. എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ജൂണില്‍ ഇതിന്റെ പരീക്ഷണപ്പറക്കല്‍ ഗ്ലോസ്റ്റര്‍ഷയറിലെ കെംബിളില്‍ വെച്ച് നടത്തുകയും ചെയ്തു.

ഇതുവരെ ഒരു ഡസനോളം പരീക്ഷണപ്പറക്കലുകള്‍ കമ്പനി നടത്തിക്കഴിഞ്ഞു. പരമാവധി 80 കിലോമീറ്റര്‍ വേഗതയില്‍ 5 മിനിറ്റ് വരെ പറക്കാന്‍ ഇതിന് ഇപ്പോള്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ഫ്‌ളൈയിംഗ് ടാക്‌സി വിളിച്ചു വരുത്തി യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം ഉദ്ദേശിക്കുന്നത്. ഒാണ്‍ ഡിമാന്‍ഡ് ഓട്ടോണോമസ് ഫ്‌ളൈറ്റുകളായിരിക്കും ഇവ. 2022ഓടെ ഇന്റര്‍സിറ്റി എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.