ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികകളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് മാറക്കാനയിൽ വിരാമമായിരിക്കുന്നു. ഫുട്ബോളിൻെറ മിശിഹ അർജൻറീനയുടെ നായകൻ ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ ഇതാദ്യമായി കിരീടമുയർത്തിയിരിക്കുന്നു. ഡീഗോ മറഡോണയുടെ പിൻഗാമിക്ക് മാറക്കാനയിൽ നിന്ന് തലയുയർത്തി മടങ്ങാം.
ഏയ്ഞ്ചൽ ഡി മരിയ നേടിയ ഒന്നാം പകുതിയിലെ ഗോളിലാണ് അർജൻറീന കപ്പുയർത്തിയത്. രണ്ടാം പകുതിയിൽ ബ്രസീൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അർജൻറീന പ്രതിരോധം കോട്ടകെട്ടി അതിനെയെല്ലാം തടഞ്ഞിട്ടു. മത്സരത്തിൻെറ അവസാനഘട്ടത്തിൽ മെസ്സിക്ക് ഒരു ഗോളടിക്കാൻ അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാൻ സാധിച്ചില്ല.
മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരൾച്ചയ്ക്ക് വിരാമമിട്ടാണ് അർജന്റീനയുടെ കിരീടധാരണം. അത് ബദ്ധവൈരികളായ ബ്രസീലിന്റെ മണ്ണിൽ, അതും ബ്രസീൽ ഫുട്ബോൾ അഭിമാന വേദിയായി കാണുന്ന മാറക്കാനയിൽ അവരെത്തന്നെ തോൽപ്പിച്ചാകുമ്പോൾ ഈ കിരീടനേട്ടത്തിന് ഇരട്ടിമധുരം. ആദ്യ പകുതിയിൽ ബ്രസീൽ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത എയ്ഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനയ്ക്ക് വിജയവും കിരീടവും സമ്മാനിച്ചത്. രണ്ടാം പകുതിയിൽ അലകടലായെത്തിയ ബ്രസീൽ ആക്രമണങ്ങളെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ നേതൃത്വത്തിൽ വിജയകരമായി പ്രതിരോധിച്ചാണ് അർജന്റീന കിരീടം തൊട്ടത്.
1993നുശേഷം അർജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. ലോക ഫുട്ബോളിലെ ഇതിഹാസമായി വളർന്നപ്പോഴും സൂപ്പർ താരം ലയണൽ മെസ്സിയുടെ പേരിൽ അർജന്റീന ജഴ്സിയിൽ കിരീടങ്ങളില്ലെന്ന പരിഹാസത്തിനും ഇതോടെ മുനയൊടിഞ്ഞു. 1916ൽ തുടക്കമായ കോപ്പ അമേരിക്ക ടൂർണമെന്റിൽ 15–ാം കിരീടവുമായി യുറഗ്വായുടെ പേരിലുള്ള റെക്കോർഡിനൊപ്പമെത്താനും അർജന്റീനയ്ക്കായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്രസീൽ ബോക്സിനു സമീപം ലഭിച്ച സുവർണാവസരം മെസ്സി തുലച്ചിരുന്നില്ലെങ്കിൽ ഈ കിരീടനേട്ടത്തിൽ ‘ഗോളൊപ്പ്’ ചാർത്താനും സൂപ്പർ താരത്തിന് കഴിയുമായിരുന്നു.
കിക്കോഫ് മുതൽ ആവേശത്തിനൊപ്പം പലപ്പോഴും പരുക്കനായും മാറിയ മത്സരത്തിലാണ് എയ്ഞ്ചൽ ഡി മരിയയുടെ തകർപ്പൻ ഗോൾ ഫലം നിർണയിച്ചത്. മത്സരത്തിനിടെ ഇരു ടീമുകളിലെയും താരങ്ങൾ ചേരിതിരിഞ്ഞ് കയ്യാങ്കളിക്കു മുതിർന്നു. മത്സരത്തിലാകെ റഫറി ഒൻപത് മഞ്ഞക്കാർഡുകളാണ് പുറത്തെടുത്തത്. ആദ്യ മിനിറ്റു മുതൽ പരുക്കൻ സ്വഭാവത്തിലേക്കു മാറിയ കലാശപ്പോരാട്ടത്തിൽ ബ്രസീൽ പ്രതിരോധത്തിന്റെ പിഴവിൽനിന്നാണ് എയ്ഞ്ചൽ ഡി മരിയ അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. ബ്രസീലിന്റെ മുന്നേറ്റത്തിന്റെ മുനയൊടിച്ച് അർജന്റീന താരങ്ങൾ പ്രത്യാക്രമണത്തിലേക്കു കടക്കുമ്പോൾ സ്വന്തം ബോക്സിൽ പന്ത് റോഡ്രിഗോ ഡി പോളിന്. അപകടങ്ങളൊന്നും ഒളിച്ചിരുപ്പില്ലാത്തൊരു നീക്കം.
എന്നാൽ, ഡിപോളിന്റെ അപാരമായ വിഷനും കിറുകൃത്യം പാസിങ്ങും ഒത്തുചേർന്നതോടെ ആ നീക്കം അപകടകരമായത് ഞൊടിയിടയിൽ. അർജന്റീന ബോക്സിനുള്ളിൽ പന്തു ലഭിച്ച ഡി പോൾ രണ്ടു ചുവടു മുന്നോട്ടുവച്ച് ബ്രസീൽ ബോക്സിനു സമീപം വലതുവിങ്ങിൽ എയ്ഞ്ചൽ ഡി മരിയയ്ക്ക് മറിച്ചു. മാർക്ക് ചെയ്യാൻ നിന്ന റെനാൻ ലോധിയുടെ പിഴവ് മുതലെടുത്ത് ഓഫ്സൈഡ് കെണിയിൽ പെടാതെ പന്ത് നിയന്ത്രിച്ച് മരിയയുടെ മുന്നേറ്റം. ബ്രസീൽ പ്രതിരോധം ഒരുനിമിഷം കാഴ്ചക്കാരായതോടെ മരിയയുടെ മുന്നേറ്റം തടയാൻ ഗോൾകീപ്പർ എഡേഴ്സൻ മുന്നോട്ട്. എന്നാൽ, എഡേഴ്സനെ കാഴ്ചക്കാരനാക്കി മരിയ ലോബ് ചെയ്ത പന്ത് വലയിൽ. സ്കോർ 1–0.
രണ്ടാം പകുതിയിൽ ബ്രസീലിനായിരുന്നു മേധാവിത്തമെങ്കിലും അർജന്റീനയ്ക്ക് മെസ്സിക്കായി ഒരു കിരീടം വളരെ ‘അർജന്റാ’യതിനാൽ അവരുടെ പ്രതിരോധം ഉറച്ചുനിന്നു. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ റിച്ചാർലിസൻ അർജന്റീന വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി. ഇതിനുശേഷം റിച്ചാർലിസൻ ഒരിക്കൽക്കൂടി ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ തകർപ്പൻ സേവ് അർജന്റീനയെ കാത്തു. 55–ാം മിനിറ്റിൽ നെയ്മറിന്റെ പാസിൽ ക്ലോസ് റേഞ്ചിൽനിന്ന് റിച്ചാർലിസൻ തൊടുത്ത ബുള്ളറ്റ് ഷോട്ട് മാർട്ടിനസ് കുത്തിയകറ്റി. 87–ാം മിനിറ്റിൽ നെയ്മറിന്റെ തന്നെ പാസിൽനിന്ന് ഗബ്രിയേൽ ബാർബോസയുടെ ഹാഫ് വോളിയും മാർട്ടിനസ് രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റിൽ ലയണൽ മെസ്സി ബ്രസീൽ ഗോൾകീപ്പർ എഡേഴ്സൻ മാത്രം മുന്നിൽ നിൽക്കെ ലീഡ് വർധിപ്പിക്കാനുള്ള സുവർണാവസരം അവിശ്വസനീയമായി പാഴാക്കി.
നേരത്തെ, സെമിഫൈനലിൽ കൊളംബിയയെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച ടീമിൽ അഞ്ച് മാറ്റങ്ങൾ വരുത്തിയാണ് പരിശീലകൻ ലയണൽ സ്കലോനി അർജന്റീന ടീമിനെ ഫൈനലിൽ വിന്യസിച്ചത്. ആ മാറ്റങ്ങളുടെ കൂട്ടത്തിലാണ് എയ്ഞ്ചൽ ഡി മരിയ ആദ്യ ഇലവനിൽ ഇടംപിടിച്ചത്. മറുവശത്ത് പെറുവിനെ തോൽപ്പിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്. ക്വാർട്ടർ ഫൈനലിൽ ചുവപ്പുകാർഡ് കണ്ട സ്ട്രൈക്കർ ഗബ്രിയേൽ ജെസ്യൂസ് പുറത്തിരുന്നു.
വിജയഗോൾ നേടിയ ഡി മരിയ തന്നെയാണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. കോപ്പ അമേരിക്കയിലെ മികച്ച താരമായത് ലയണൽ മെസ്സിയാണ്. ടോപ് ഗോൾ സ്കോറർ പുരസ്കാരവും മെസ്സി സ്വന്തമാക്കി.
¡EL MOMENTO TAN ESPERADO! Pitazo final y así lo gritó Lionel Messi 🔟🇦🇷🤩
🇦🇷 Argentina 🆚 Brasil 🇧🇷#VibraElContinente #VibraOContinente pic.twitter.com/BacbLCghFU
— Copa América (@CopaAmerica) July 11, 2021
Leave a Reply