ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരുകാലത്ത് ലേബർ പാർട്ടിയുടെ മുഖമായിരുന്നു ജെറമി കോർബിൻ. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്തായ അദ്ദേഹം തന്റെ സ്വന്തം പാർട്ടിയായ ലേബറിനെതിരെ മത്സരിക്കാൻ തയ്യാറെടുക്കുകയാണ് . 2015 മുതൽ 2020 വരെ താൻ നയിച്ച പാർട്ടിക്കെതിരെ മത്സരിക്കുമെന്ന് ജെറമി കോർബ് സ്ഥിരീകരിച്ചു. 1983 മുതൽ അദ്ദേഹം കൈവശം വച്ചിരുന്ന ഇസ്ലിംഗ്ടൺ നോർത്ത് സീറ്റിൽ ജൂലൈ 4 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കും.
സമത്വത്തിനും ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള ശബ്ദമാകാനാണ് താൻ മത്സരിക്കുന്നത് എന്ന് പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അറിയിച്ചു. 2020 – ൽ ആണ് കോർബിനെ പാർലമെൻററി ലേബർ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. യഹൂദ വിരുദ്ധ പരാതികൾ പാർട്ടി കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള വിവാദങ്ങളെ തുടർന്നായിരുന്നു നടപടി. പാർലമെൻററി പാർട്ടിയിൽ നിന്ന് പുറത്തായെങ്കിലും അദ്ദേഹം പാർട്ടിയുടെ അംഗമായി തുടരുകയായിരുന്നു. പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നതിലൂടെ അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്താകുമെന്ന് ഉറപ്പായി .
ലേബർ പാർട്ടി ജെറമി കോർബിന്റെ മണ്ഡലത്തിൽ പ്രഖ്യാപിച്ച സാധ്യത പട്ടികയിൽ അദ്ദേഹത്തിൻറെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. മുൻ നേതാവിന്റെ സ്ഥാനാർത്ഥിത്തത്തോടെ പരസ്യമായി പ്രതികരിക്കാൻ നിലവിലെ നേതാവ് വിസമ്മതിച്ചു. ഞങ്ങൾക്ക് അവിടെ മികച്ച ഒരു സ്ഥാനാർത്ഥി ഉണ്ടാകുമെന്നാണ് കെയർ സ്റ്റാർമർ മാധ്യമങ്ങളോട് പ്രതികരിച്ചത് . ജെറമി കോർബിന്റെ സ്ഥാനാർത്ഥിത്തത്തിന് കെയർ സ്റ്റാർമറിൻ്റെ നേതൃത്വത്തിനോട് താത്പര്യമില്ലാത്ത പാർട്ടി അണികളുടെ പിന്തുണ ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Leave a Reply