ജോർജ് ശാമുവേൽ 

എല്ലാ കുട്ടികളും ജനിക്കുന്നത് കരഞ്ഞുകൊണ്ടാണെങ്കിൽ ഞാൻ പിറന്നു വീണതേ ഒരു പുഞ്ചിരിയോടെ ആയിരുന്നു. കാലം മാറുമ്പോൾ അതിനനുസരിച്ചു നമ്മളും മാറണമെന്ന് അപ്പൻ അമ്മയോട് പറയുന്നത് ഇരുട്ടറയ്ക്കുള്ളിൽ കിടന്നു എത്രയോ തവണ കേട്ടിരിക്കുന്നു. എന്നാൽ പിന്നെ ആ ദുരന്ത മുഖം മുതൽ അപ്പനെയങ്ങ് സന്തോഷിപ്പിക്കാമെന്നു കരുതി. എന്റെ ചിരി കണ്ട് അസൂയ തോന്നിയാവണം മാലാഖയെന്ന് ഞാൻ തെറ്റിദ്ധരിച്ച പൂതന എന്നെ ഒന്ന് നുള്ളിയത്. 2020 മാർച്ചിൽ ജനിച്ച ഒരു ശിശുവിനെ ദേഹോപദ്രവം ചെയ്തയാളെ വെറുതെ വിടാനോ ! പുണ്യാഹം തളിച്ച് ഒരു ശുദ്ധികലശമങ്ങു നടത്തി. മുഖാവരണമുള്ളതു കൊണ്ട് മുഖത്തുണ്ടായ ഭാവമേതെന്നു അറിയാൻ കഴിഞ്ഞില്ലെങ്കിലും മറ്റൊരു കാര്യം മനസിലായി. ഇവർക്കൊക്കെ എന്തോ സംഭവിച്ചിരിക്കുന്നു.
വിദേശികളെ പുറത്തിറക്കാതെ നിരീക്ഷണത്തിലാക്കിയെന്നു എനിക്ക് മുമ്പേ സ്ഥാനം പിടിച്ചവൻ വായിക്കുന്നത് കേട്ടു. ഞാനും വിദേശത്തു നിന്ന് എത്തിയത് കൊണ്ടാവും രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു ഇളം വെയിൽ പോലും കാണിക്കാഞ്ഞത്. ഇവിടെ കൊറോണ വന്നു കൊറോണ വന്നു എന്ന് സ്ഥിരം കേൾക്കാൻ തുടങ്ങിയ ഞാൻ കരുതിയത് അത് എന്റെ പേരാണെന്നാണ്. എന്നാൽ പിന്നീട് ക്രമേണ ആ ചമ്മൽ ഞാൻ എന്റെയുള്ളിൽ ഒതുക്കി.
അങ്ങനെ എന്നെ വീട്ടിലേക്കയക്കാനൊരുങ്ങി. അമ്മയിൽ നിന്ന് ഞാൻ കേട്ടറിഞ്ഞ ലോകത്തിലേക്കാദ്യമായി… ഓർക്കുമ്പോൾ തന്നെ ഉള്ളിലൊരു മഞ്ഞു പെയ്ത അനുഭവം. പുറത്തിറങ്ങുമ്പോൾ എല്ലാവരുടെയും കണ്ണ് എന്നിലായിരിക്കും. ഓർക്കുമ്പോൾ തന്നെയൊരു നാണം. ങേ… എന്താ ഈ കൊണ്ട് വരുന്നേ, വരവത്ര പന്തിയല്ലല്ലോ! പ്രതീക്ഷിച്ച പോലെ എന്റെ നേരെ തന്നെ. അമ്മയുടെ മുഖത്തിരിക്കുന്ന അതേ സാധനം. ഓഹ്.. ഇവർക്കൊക്കെ പ്രാന്തായോ? എന്റെ സ്വാതന്ത്ര്യം ഇതോടെ ആരൊക്കെയോ കൈക്കലാക്കുകയാണോ. തടയാൻ ശ്രമിച്ചെങ്കിലും എന്റെ വായും മൂക്കുമെല്ലാം അതിന്റെ സ്വാധീനത്തിലായി കഴിഞ്ഞിരുന്നു. പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഞാൻ ഞെട്ടി. ഒരു ഈച്ച പോലുമില്ല ഇവിടെ എന്നെ സ്വീകരിക്കാൻ. കാറിലെ യാത്രയ്ക്കിടെ കുറെ പേരെ കണ്ടു. പക്ഷേ എന്നെ കാണണമെങ്കിൽ അവരുടെ തലയും കൈയ്യിലിരിക്കുന്ന പലക കക്ഷണവും തമ്മിലുള്ള കാന്തിക ബലം ഞാൻ വിച്ഛേദിക്കേണ്ടിയിരിക്കുന്നു. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. വെളിച്ചമില്ലാത്ത അറയിൽ കിടന്നു ഞാൻ കണ്ട ലോകമല്ല യഥാർത്ഥ ലോകം, ഇത് ആധുനിക മനുഷ്യരുടെ… പരസ്പരം അറിയാത്തവരുടെ… നേരെ നോക്കി ലോകം കാണാത്തവരുടെ… രാജ്യ ദ്രോഹവും രാജ്യ സ്നേഹവും ഒരേ കയ്യിൽ കൊണ്ട് നടക്കുന്നവരുടെ നവലോകം. ഈ നാടിനിത്‌ എന്ത് പറ്റി… അല്ലേൽ തന്നെ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു? നേരത്തെ കണ്ടിട്ടില്ലല്ലോ ഒന്നും. ചിലയിടത്തു ചീയുന്ന രാഷ്ട്രീയവും ചിലയിടത്തു പുകയുന്ന മതവും.. ലോകം മുഴുവൻ കീടാണുക്കളും. ഇതിങ്ങനെ തുടർന്നാൽ ഇനിയുള്ള ജീവിതം ഗുതാ ഹവ.
അപ്പൻ പറഞ്ഞ ലോകം തന്നെയാ ശരിക്കുള്ള ലോകം. മാറി മറിയുന്ന കാലവും അതിനൊത്ത രാഷ്ട്രീയവും. വളർന്നു വളർന്നു അക്രമത്തിന്റെയും മത തീവ്രവാദത്തിന്റെയും കൊടുമുടിയിലെത്തി നിൽക്കുന്ന ഭ്രാന്തൻമാരുടെ സ്വന്തം നാട്. സ്കൂളിൽ പോകാതെ ബൈജു ആശാന്റെ ആപ്പിൽ പെട്ട് പുതു ജീവിതം പഠിക്കുന്ന കൂട്ടത്തിലേക്കാണ് നമ്മുടെ കുഞ്ഞു വരുന്നതെന്ന് അപ്പൻ പറഞ്ഞപ്പോൾ എന്തിനെന്നില്ലാത്ത ദേഷ്യമായിരുന്നു. കേൾക്കുന്നതിനേക്കാൾ സത്യം കാണുന്നതിലാണെന്നു മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.
അമ്മ പുറത്തു പോകുമ്പോൾ കൂടെ പോകണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് കോളിംഗ് ബെൽ മുഴങ്ങിയത്. വാതിൽ തുറന്നു ഒരു ചന്ത മുഴുവൻ അതാ അകത്തേക്ക്. വീട്ടിലേക്ക് ഒരു മാസത്തേക്ക് വേണ്ട എല്ലാ സാധനവും ഓൺലൈൻ ആയി വാങ്ങിയിരിക്കുന്നു. ഇനിയെന്തിനു പുറത്തു പോകണം. എന്തിനു ആഗ്രഹിക്കണം. അപ്പനൊക്കെ കളിച്ചു വളർന്നത് തോപ്പിലും തൊടിയിലുമാണെങ്കിൽ ഞാൻ വളരുന്നതും കളിക്കുന്നതുമെല്ലാം ഓൺലൈൻ എന്ന അധോലോകത്തിന്റെ വീട്ടു മുറ്റത്താണ്. ജനിച്ചു ഒരു മാസം പോലും തികയുന്നതിനു മുൻപ് വെർച്വൽ ലോകത്തിന്റെ ആന്തരികാവയവങ്ങളെ ഞാൻ പരിചയപ്പെട്ടു തുടങ്ങി.
എന്റെ പ്രൈമറി സ്കൂളും പ്ലേ സ്കൂളും എല്ലാം നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുമെന്ന സത്യവും മനസ്സിലാക്കി. അമ്മയുടെ കണ്ണുകളേക്കാൾ വാത്സല്യത്തോടെ കമ്പ്യൂട്ടറും കാമറ കണ്ണുകളും എന്നെ പരിഗണിക്കുന്നതായി പല തവണ തോന്നി. ഒരുപാട് പ്രതീക്ഷകളോടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ ഞാൻ അങ്ങനെ അതിനെയെല്ലാം ഒരു മൂലയ്ക്ക് കൂട്ടിയിട്ടു. അല്ലെങ്കിൽ തന്നെ എന്ത് പ്രതീക്ഷിക്കാൻ, രാഷ്ട്രീയ രംഗത്തെ കൂറ് മാറ്റം കണ്ടു സഹികെട്ടാകണം കാലം പോലും അതിവേഗത്തിൽ മാറുന്നത്. പേരിനു വേണ്ടി പോരെടുക്കുന്ന വീരന്മാരുടെ നാട്ടിൽ എങ്ങനെ പിടിച്ചു നിൽക്കും. നടുവേ ഓടുക തന്നെ അല്ലാതെ എന്ത് ചെയ്യാൻ ! ഏതായാലും കൊറോണക്കാലത്തു ജനിച്ചത് കൊണ്ട് വീട്ടിലിരിക്കാൻ എങ്കിലും കഴിയുന്നു. വല്ല പ്രളയകാലത്തെങ്ങാനുമായിരുന്നെങ്കിൽ പ്രായം തികയുന്നതിനു മുന്നേ ബൈജു അങ്കിളിനെ തള്ളിപ്പറഞ്ഞു പള്ളിക്കൂടത്തിന്റെ പടി ചവിട്ടുകയും ഒഴുകി നടക്കുകയും ചെയ്യേണ്ടി വരുമായിരുന്നു. അമ്മയുടെ ഉദരത്തിനുള്ളിൽ ഒരു ഇന്റർനെറ്റ്‌ കണക്റ്റിവിറ്റി ഉണ്ടായിരുന്നെങ്കിൽ ഇവിടേക്ക് വരേണ്ടിയിരുന്നില്ല. ചിലപ്പോൾ ഒരു ഇരുപതോ മുപ്പതോ വർഷം കാത്തിരുന്നെങ്കിൽ ആ ആഗ്രഹവും പൂർത്തിയാകുമായിരുന്നിരിക്കാം.

 

ജോർജ് ശാമുവേൽ.
ചക്കുളത്തു തടത്തിൽ ശാമുവേൽ ജോർജിന്റെയും ലൗലി ശാമുവേലിന്റെയും മൂത്ത മകൻ. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും മലയാളം ബിരുദ പഠനത്തിന് ശേഷം ഇപ്പോൾ കോട്ടയം പ്രെസ്സ് ക്ലബ്ബിൽ എം. എ. ജേർണലിസം വിദ്യാർത്ഥി. പത്തനംതിട്ട ജില്ലയിലെ റാന്നിയാണ് സ്വദേശം.