ഡല്‍ഹിയിലെ ആശുപത്രി മോര്‍ച്ചറികളില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. ഇതോടെ മൃതദേഹങ്ങള്‍ മരം ഉപയോഗിച്ച് ദഹിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മരണസംഖ്യ ദിനംപ്രതി ഉയരുമ്പോഴും ഇപ്പോഴും സര്‍ക്കാരിന്റെ കണക്കിലുള്ളത് 398 കൊറോണ മരണം മാത്രമാണ്.

ആശുപത്രി മോര്‍ച്ചറികളിലെല്ലാം മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞു. ഡല്‍ഹി എല്‍ എന്‍ ജെ പി ആശുപത്രി മോര്‍ച്ചയില്‍ 80 റാക്കിലും മൃതദേഹങ്ങള്‍ നിറഞ്ഞു. നിലത്ത് സൂക്ഷിച്ചിരിക്കുകയാണ് 28 എണ്ണം. രാജ്യതലസ്ഥാനത്തെ മിക്ക ആശുപത്രികളിലെയും അവസ്ഥ ഇതുതന്നെയാണ്.

മൃതദേഹങ്ങള്‍ കുന്നുകൂടിയതോടെ സംസ്‌കരിക്കാനും വഴിയില്ലാതെയായി. പ്രധാന ശ്മശാനമായ നിഗം ബോധ്ഘട്ടിലെ 6 ഫര്‍ണസുകളില്‍ 3 എണ്ണം പ്രവര്‍ത്തിക്കുന്നില്ല. സംസ്‌കരിക്കാന്‍ എത്തിച്ച മൃതദേഹങ്ങള്‍ തിരിച്ചയക്കാന്‍ തുടങ്ങിയതോടെയാണ് മരം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരണസംഖ്യ കുതിച്ചുയരുമ്പോഴും 400ന് അടുത്ത് മരണം മാത്രമാണുള്ളതെന്നാണ് സര്‍ക്കാരിന്റെ വാദം. ഈ മാസം 16 വരെ 53 പേര്‍ മരിച്ചതായി സഫ്ദര്‍ജങ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇത് സര്‍ക്കാര്‍ രേഖയില്‍ ഇല്ല . ഈ മാസം 17 വരെ 559 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി 3 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെയും കണക്കുകള്‍ വ്യക്തമാക്കുന്നു.

നിഗം ബോധ് ഘട്ടില്‍ ഇതുവരെ 244 ല്‍ അധികം മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഐറ്റിഒ മുസ്ലിം ശ്മശാനത്തില്‍ 140 ല്‍ അധികവും. ദിനംപ്രതി ഇവിടെ 4 മൃതദേഹങ്ങള്‍ വരുന്നു. മംഗോള്‍ പുരി, മദന്‍പുര്‍ ഖാദര്‍, ശാസ്ത്രി പാര്‍ക്ക് ശ്മശാനങ്ങളിലേക്കും മൃതദേഹങ്ങള്‍ എത്തുന്നുണ്ട്.

എന്നിട്ടും മരണസംഖ്യ വര്‍ധിച്ചത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണവും മരണ സംഖ്യയും കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും, തമിഴ്‌നാട്ടിലുമെല്ലാം സ്ഥിതി ഗുരുതരമായി തുടരുകയാണ്.