അബുദാബി∙ യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ പലരും അവസാനിപ്പിക്കുന്നു. അനുമതി ലഭിച്ച സർവീസുകളിൽ പകുതി പോലും ഉപയോഗപ്പെടുത്താതെയാണ് പലരും പിൻവാങ്ങുന്നത്. യാത്രക്കാരില്ലാത്തതാണ് പ്രധാന കാരണം.
തുടക്കത്തിലുണ്ടായിരുന്ന തള്ളിക്കയറ്റം കുറഞ്ഞതോടെ യാത്രക്കാർക്കായുള്ള നെട്ടോട്ടത്തിലായിരുന്നു പല സംഘാടകരും. വന്ദേഭാരത് നാലാം ഘട്ടം തുടക്കത്തിൽ വന്ദേഭാരത് വിമാനങ്ങളിൽ ആളെ നിറയ്ക്കാനും എംബസിയും എയർലൈനും വല്ലാതെ പ്രയാസപ്പെട്ടിരുന്നു. എംബസിയിൽ റജിസ്റ്റർ ചെയ്തവരുടെ പട്ടികയിൽനിന്ന് 1300 പേരെ വിളിച്ചാണ് ഒരു വിമാനത്തിലേക്ക് ആളെ തരപ്പെടുത്തിയതെന്നാണ് അന്ന് എയർലൈൻ ഉദ്യോഗസ്ഥർ പറഞ്ഞത്.
യാത്രക്കാർ കുറഞ്ഞതോടെ ഏതാനും സീറ്റുകൾ ഒഴിവുണ്ടെന്നും ഉടൻ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ട് വാട്സാപ് ഗ്രൂപ്പുകളിൽ സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു.
നാട്ടിലേക്കു പോകാനായി യുഎഇയിലെ ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലുമായി റജിസ്റ്റർ ചെയ്തത് 5.2 ലക്ഷത്തിലേറെ പേർ. കഴിഞ്ഞ ആഴ്ചത്തെ കണക്കുപ്രകാരം നാട്ടിലേക്കു മടങ്ങിയതാകട്ടെ വന്ദേഭാരത് വിമാനങ്ങളിൽ 1.55 ഉൾപെടെ ഏതാണ്ട് 2 ലക്ഷത്തിൽ താഴെ ആളുകൾ മാത്രം. ശേഷിച്ച 3.2 ലക്ഷം പേർ യാത്ര വേണ്ടന്നുവച്ചുവെന്നതിന് പല കാരണങ്ങളുണ്ട്.
സർക്കാരും നാട്ടുകാരും കുടുംബക്കാരും പ്രവാസികളോടുള്ള കാണിക്കുന്ന വിവേചനപരമായ നടപടി യാത്ര വേണ്ടന്നുവയ്ക്കാൻ പ്രവാസികളെ പ്രേരിപ്പിച്ചു.
ചാർട്ടേഡ് സർവീസിന്റെ നിയമങ്ങളിൽ ഇടയ്ക്കിടെ മാറ്റം വരുത്തിയതും ചിലരെ പിന്തിരിപ്പിച്ചു.
നാട്ടിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയും ഇവിടെ ശാന്തമാകുകയും ചെയ്തതിനാൽ യാത്ര ഒഴിവാക്കിയവരുമുണ്ട്.
നാട്ടിലെത്തിയാൽ ക്വാറന്റീനിൽ കഴിയണം. അതിനാൽ ചെറിയ അവധി മാത്രമുള്ളവർ നാട്ടിൽ പോകുന്നത് നീട്ടിവയ്ക്കുന്നു.
Leave a Reply