ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ കൊറോണ പേപ്പേഴ്‌സ് നാളെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ശ്രീഗണേഷിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രിയദര്‍ശനാണ്. ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. സിദ്ധിഖ്, ഗായത്രി ശങ്കര്‍, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാൽ, എം ജി ശ്രീകുമാർ എന്നിങ്ങനെ പ്രിയദർശൻ ചിത്രങ്ങളിലെ ചിരപരിചിത മുഖങ്ങളോ കോമഡിയോ പാട്ടോ ഒന്നും തന്നെ ഇല്ലാതെയാണ് ഈ പ്രിയദർശൻ ചിത്രം എത്തുന്നത് എന്നത് ഒരു പ്രത്യേകതയാണ്.
സിനിമ എന്താണ് ആവശ്യപ്പെടുന്നത് അതിനനുസരിച്ചാണ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രെസ്സ് മീറ്റിനിടയിൽ പറഞ്ഞിരുന്നു. തന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സില്‍ ഷൈന്‍ ടോം ചാക്കോയും ഷെയ്ന്‍ നിഗവും അങ്ങനെ സിനിമയിലേക്ക് എത്തിയതാണ്. ചിത്രത്തില്‍ സിദ്ദിഖിന് നല്‍കിയിരിക്കുന്ന കഥാപാത്രം മുന്‍പായിരുന്നെങ്കില്‍ തിലകന് നല്‍കേണ്ടിയിരുന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തിന് തന്റെ കയ്യില്‍ മറ്റൊരു ചോയിസില്ല. ഇന്ന് മലയാള സിനിമയില്‍ ആ കഥാപാത്രം ചെയ്യാന്‍ പറ്റുന്ന ഏക നടന്‍ സിദ്ദിഖാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
സിനിമയില്‍ തന്റെ താത്പര്യങ്ങള്‍ക്കല്ല പ്രാധാന്യം. രാഷ്ട്രീയപരമോ, ജാതിപരമായോഉള്ള ഒരു താത്പര്യങ്ങളും സിനിമയ്ക്ക് അടിസ്ഥാനമല്ല. സിനിമ നല്ലതാകണമെങ്കില്‍ കാസ്റ്റിംഗ് നല്ലതായിരിക്കണം. അതനുസരിച്ച് മാത്രമാണ് കൊറോണ പേപ്പേഴ്‌സിന്റെ കാസ്റ്റിംഗ് നടത്തിയത്. തന്റെ ഏറ്റവും സര്‍പ്രൈസിംഗായിട്ടുള്ള കാസ്റ്റിംഗ് ജീന്‍ പോളിന്റേതായിരുന്നു. താനിതുവരെ ജീനിനെ കണ്ടിട്ടില്ല. ജീനിനെ ആദ്യം കണ്ടപ്പോള്‍ തന്നെ അദ്ദേഹം ഇതു ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചു. അതിന്റെ റിസള്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇവരുമായി ജോലി ചെയ്തതോടെ തന്റെ സിനിമ പുതിയതായി തോന്നി. പ്രിയദര്‍ശന്റെ സിനിമകളില്‍ സ്ഥിരം കണ്ടിരുന്ന മുഖങ്ങളുണ്ട്. അതില്‍ നിന്ന് വ്യത്യാസം വന്നതോടെ ഈ സിനിമ പുതിയതായെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായരാണ്. സംഗീതം – കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ – ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം – മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നന്ദു പൊതുവാള്‍, കോസ്റ്റ്യൂം ഡിസൈനര്‍ – സമീറ സനീഷ്, മേക്കപ്പ് – രതീഷ് വിജയന്‍, ആക്ഷന്‍ – രാജശേഖര്‍, സൗണ്ട് ഡിസൈന്‍ – എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ – ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.