അയര്‍ലന്‍ഡില്‍ നഴ്‌സ് ആയി ജോലി ചെയ്യവേ കോവിഡ് രോഗബാധിതയായ പ്രിയ വിജയ് മോഹന് കൂടുതലും പറയാനുള്ളത് രോഗത്തെ കുറിച്ചല്ല, രോഗം ബാധിച്ച സമയത്ത് തന്റെ മകന്‍ ചോദിച്ച ചോദ്യങ്ങളെക്കുറിച്ചായിരുന്നു. ”കോവിഡ് വന്നാല്‍ അമ്മ മരിക്കുമോ” എന്നായിരുന്നു എട്ടുവയസ്സുകാരന്‍ മകന്റെ ചോദ്യം.
മകന്റെ മുന്നില്‍ ശരിക്കും പകച്ചുപോയ നിമിഷങ്ങളായിരുന്നു അതെന്ന് പ്രിയ പറയുന്നു. ഐസൊലേറ്റ് ചെയ്തിരുന്ന ആദ്യ ദിവസങ്ങളില്‍ മകന്‍ തന്നെ കെട്ടിപ്പിടിക്കാനായി വാശിപിടിക്കുമായിരുന്നു. മുറിക്ക് പുറത്തുനിന്ന് മകനെ കാണുകയെന്നല്ലാതെ അവനെ ഒന്നുതൊടാന്‍ പോലും കഴിയാത്ത ആ അവസ്ഥ തന്നെ ശരിക്കും കരയിപ്പിച്ചുവെന്ന് പ്രിയ കൂട്ടിച്ചേര്‍ത്തു.
അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ഹെര്‍മിറ്റേജ് മെഡിക്കല്‍ ക്ലിനിക്കില്‍ ജോലിചെയ്യുകയാണ് പ്രിയ. ശസ്ത്രക്രിയയ്‌ക്കെത്തുന്നവരുടെ സ്രവം ശേഖരിച്ച് പരിശോധിച്ച് അയക്കുന്ന ജോലിയായിരുന്നു പ്രിയയ്ക്ക്. അവിടെനിന്നാണ് വൈറസ് ബാധയുണ്ടായത്.
അയര്‍ലണ്ടില്‍ കോവിഡ് സ്ഥിരീകരിച്ചാലും വീട്ടില്‍ ഐസൊലേറ്റ് ചെയ്യുകയാണ് പതിവ്. ഗുരുതരാവസ്ഥയുണ്ടാകുമ്പോള്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. രോഗം സ്ഥിരീകരിച്ച വ്യക്തിയെ ഐസൊലേറ്റ് ചെയ്യുകയും സമ്പര്‍ക്കം പുലര്‍ത്തിയവരെ ഇടവേളകളിലായി രണ്ടുവട്ടം പരിശോധിക്കുകയും ചെയ്യുകയാണ് രീതി.
താന്‍ കഴിഞ്ഞിരുന്ന മുറിക്ക് തൊട്ടപ്പുറത്തായിരുന്നു മകന്‍ ഇഷാനും ഭര്‍ത്താവ് വിജയാനന്ദുമുണ്ടായിരുന്നത്. അവര്‍ക്ക് രണ്ടുപേര്‍ക്കും രോഗം ബാധിക്കുമോയെന്ന് പേടിയുണ്ടായിരുന്നു. എന്നാല്‍ രണ്ടുപ്രാവശ്യം പരിശോധന നടത്തിയപ്പോഴും ഭര്‍ത്താവിനും മകനും കോവിഡ് നെഗറ്റീവായിരുന്നു. ഇത് ഏറെ സന്തോഷം തോന്നിയെന്ന് പ്രയ പറയുന്നു.
”രോഗംബാധിച്ച് ആദ്യ ആഴ്ചയില്‍ ചെറിയ തലവേദന മാത്രമാണുണ്ടായത്. രണ്ടാം ആഴ്ചയോടെ ശ്വാസതടസ്സം രൂക്ഷമായി. എമര്‍ജന്‍സിയില്‍ വിളിച്ച് പത്തുമിനിറ്റിനകം ആശുപത്രി അധികൃതര്‍ വീട്ടിലെത്തി. മൂന്നാഴ്ചയായി ഞാന്‍ പോസിറ്റീവാണ്. നിലവില്‍ വരണ്ട ചുമ മാത്രമാണ് ബുദ്ധിമുട്ടിക്കുന്നത്.
ലോക്ക്ഡൗണും കോവിഡും അയര്‍ലന്‍ഡിലെ ജനങ്ങളെ ബാധിച്ചിട്ടില്ല. കാരണം ഇറ്റലിയിലും മറ്റും രോഗംപടരുന്നത് കണ്ടതോടെ അയര്‍ലന്‍ഡ് സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ജോലി നഷ്ടപ്പെട്ടവര്‍ക്കും താത്കാലികമായി ജോലിയില്ലാത്തവര്‍ക്കും എല്ലാ ആഴ്ചയിലും 350 യൂറോ സര്‍ക്കാര്‍ നല്‍കും. ക്വാറന്റീനില്‍ ഇരിക്കുന്നവര്‍ക്കും രോഗികള്‍ക്കും 12 ആഴ്ചയോളം ശമ്പളത്തോട് കൂടിയ അവധിയുമുണ്ട്.” -പ്രിയ കൂട്ടിച്ചേര്‍ത്തു.
Leave a Reply