ഇടുക്കി ജില്ലയിലെ കോവിഡ്–19 സ്ഥിരീകരിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതാവ് കേരളം ചുറ്റിയതായി രേഖകൾ. സംസ്ഥാനത്തെ മുതിർന്ന രണ്ടു കോൺഗ്രസ് നേതാക്കളുമൊത്ത് മന്ത്രിമാരെയും എംഎൽഎമാരെയും വകുപ്പു സെക്രട്ടറിമാരെയും കാണാ‍ൻ പോയി. നിയമസഭാ മന്ദിരത്തിലും നിയമസഭാ ഹോസ്റ്റലിലും എത്തി.

എവിടെനിന്നാണു കോൺഗ്രസ് നേതാവിന് രോഗം ബാധിച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഗൾഫിൽ നിന്നു വന്നവരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്. സജീവമായി പൊതുരംഗത്തുള്ള ആളായതിനാൽ നേതാക്കന്മാരും പ്രവർത്തകരും മറ്റുമായി ഇദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഇക്കാരണത്താൽ ഇദ്ദേഹത്തിന്റെ വിശദമായ യാത്രാവഴി തയാറാക്കുന്നത് ക്ലേശകരമാണെന്ന് ഇടുക്കി കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു. എങ്കിലും ലഭ്യമായ വിവരങ്ങൾ വച്ച് സഞ്ചാരപഥം ഇന്നു പ്രസിദ്ധപ്പെടുത്തും.

ഇടുക്കി ജില്ലയുടെ ആസ്ഥാനമായ ചെറുതോണിയിലാണ് നേതാവ് താമസിക്കുന്നത്. ഒരു ഡസനിലേറെ പോഷക സംഘടനകളുടെ നേതാവാണ്. സംസ്ഥാനത്തിനകത്തും പുറത്തും നിരന്തരം യാത്ര ചെയ്യുന്ന ആളുമാണ്. കഴിഞ്ഞ മാസം 13 ന് കാസർകോട്ട് എത്തി ഏകാധ്യാപകരുടെ സംസ്ഥാന ജാഥയിൽ പങ്കെടുത്തു. ജാഥ മറയൂർ ചെറുവാട് ആദിവാസി കുടിയിലാണ് ആരംഭിച്ചത്. ഏകാധ്യാപകരും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തിരുന്നു. നേതാക്കന്മാരുടെയും മറ്റും വീടുകളിലും ഇദ്ദേഹം സന്ദർശനം നടത്തിയിരുന്നു.

കോവിഡ്–19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കോൺഗ്രസ് നേതാവിനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഭാര്യയും മക്കളും മകന്റെ ഭാര്യയും ഉൾപ്പെടെയുള്ളവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ വീട്ടിലാണ്. നേതാവുമായി അടുത്തിടപഴകിയവരോട് വീട്ടുനിരീക്ഷണത്തിലാകാൻ നിർദേശിച്ചതായും കലക്ടർ പറഞ്ഞു. ഇദ്ദേഹം മാർച്ച് 13നും 20നും ഇടയ്ക്ക് പാലക്കാട്, ഷോളയാർ, മറയൂർ, മൂന്നാർ, പെരുമ്പാവൂർ, ആലുവ, മാവേലിക്കര, തിരുവനന്തപുരം നിയമസഭാ മന്ദിരം എന്നിവിടങ്ങളിൽ എത്തിയിരുന്നതായി കലക്ടർ അറിയിച്ചു.

കോൺഗ്രസ് നേതാവിനു കൂടി കോവിഡ്–19 സ്ഥിരീകരിച്ചതോടെ ഇതുവരെ 3 പേർക്കാണ് ഇടുക്കി ജില്ലയിൽ രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇടുക്കി ജില്ലയിൽ കോവിഡ് ബാധിക്കുന്ന ആദ്യ തദ്ദേശീയനാണ് ഇദ്ദേഹം. മൂന്നാറിലെത്തിയ ബ്രിട്ടിഷ് പൗരന് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. ദുബായിൽ നിന്നെത്തിയ തൊടുപുഴ കുമാരമംഗലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് ബുധനാഴ്ച.

നേതാവിന്റെ യാത്രകളെക്കുറിച്ച് ജില്ലാ ഭരണകൂടത്തിനു ലഭിച്ച വിവരങ്ങൾ.

മാർച്ച് 7 : പാലക്കാട് സന്ദർശനം

മാർച്ച് 8 :അട്ടപ്പാടിയിലും ഷോളയാറിലും എത്തി. പെരുമ്പാവൂരിൽ താമസിച്ചു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാർച്ച് 9 : രാവിലെ തൊടുപുഴയിൽ മടങ്ങിയെത്തി. പാർട്ടി യോഗങ്ങളിൽ പങ്കെടുത്തു.

മാർച്ച് 10 : ആലുവയിലേക്കു കാറിൽ പുറപ്പെട്ടു. ആലുവയിൽ നിന്ന് മാവേലി എക്സ്പ്രസിൽ തിരുവനന്തപുരത്തേക്കു പോയി.

മാർച്ച് 11 : കോൺഗ്രസിന്റെ രണ്ടു സംസ്ഥാന നേതാക്കളെ കണ്ടു. ഒരു നേതാവിനെയും കൂട്ടി സെക്രട്ടേറിയറ്റിൽ എത്തി മന്ത്രിമാരെ കണ്ടു നിവേദനം നൽകി. വകുപ്പു സെക്രട്ടറിമാരെ കണ്ടു. എംഎൽഎ ഹോസ്റ്റലിലെത്തി.

മാർച്ച് 12 : മൂന്നാറിൽ പാർട്ടിയുടെ പോഷക സംഘടനയുടെ യോഗത്തിൽ പങ്കെടുത്തു. ഇതിനു ശേഷം മറയൂരിലേക്കു പോയി. ഏകാധ്യാപകരുടെ സത്യഗ്രഹ സമരത്തിൽ പങ്കെടുത്തു. മൂന്നാർ ടാറ്റാ ടീ ആശുപത്രിയിലെത്തി.

മാർച്ച് 13: പനി ബാധിച്ചു. വൈകിട്ട് ചെറുതോണിയിലെ വീട്ടിൽ തിരിച്ചെത്തി. മസ്ജിദിൽ പോയി.

മാർച്ച് 14: രാവിലെ തൊടുപുഴയിലെത്തി. കെപിസിസി ഭാരവാഹിയുമായി ചർച്ച നടത്തി. പനി കൂടിയതോടെ ഇടുക്കി ജില്ലാ ആശുപത്രിയിലെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിൽ വിശ്രമിച്ചു.

മാർച്ച് 20 : മസ്ജിദിൽ പോയി.

മാർച്ച് 23: പനി മാറാത്തതിനെ തുടർന്നു വീണ്ടും ജില്ലാ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. സ്രവം പരിശോധനയ്ക്കു നൽകി.