ഇതുവരെ ലഭിച്ചിട്ടില്ലാത്ത തരം ആദിമ മനുഷ്യന്റെ ഫോസിൽ ഇസ്രയേലിൽ നിന്ന് കണ്ടെത്തി. സിമന്റ് പ്ലാന്റ് നിർമാണത്തിന് കുഴിയെടുക്കുമ്പോഴാണ് അപൂർവമായ മനുഷ്യന്റെ ഫോസിൽ ലഭിച്ചത്. ഇതിന്റെ പഴക്കം നിർണയിച്ചപ്പോൾ വലിയ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. തലയോട്ടി, പല്ല് തുടങ്ങിയവയുടെ പഴക്കം 130,000 വര്‍ഷമാണെന്ന് അനുമാനിക്കുന്നതായി ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെയും ജറുസലേമിലെ ഹീബ്രു യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരും വ്യക്തമാക്കുന്നു.

പുതുതായി കണ്ടെത്തിയ മനുഷ്യനു ഗവേഷകർ പേരും ‘നെഷര്‍ റാംലാ ഹോമോ’ (Nesher Ramla Homo) എന്നാണ് പേരിട്ടിരിക്കുന്നത്. നെഷര്‍ റാംലാ ഹോമോ, മനുഷ്യരുടെ പൂര്‍വികര്‍ക്കൊപ്പം 100,000 ലേറെ വര്‍ഷങ്ങള്‍ ജീവിച്ചിരിക്കാമെന്ന അനുമാനവും ശാസ്ത്രജ്ഞര്‍ നടത്തുന്നുണ്ട്. നെഷര്‍ ഹോമോ ആദ്യം ഉണ്ടായത് 400,000 വര്‍ഷം മുൻപായിരിക്കാമെന്നും അനുമാനിക്കുന്നു.
നെഷര്‍ ഹോമോ വംശത്തിലുള്ളവര്‍ക്ക് വലിയ പല്ലുകള്‍ ഉണ്ടായിരുന്നു. അതേസമയം താടി ഉണ്ടായിരുന്നില്ല. ഇവര്‍ ഹോമോ നിയാന്‍ഡര്‍താള്‍ മനുഷ്യരുടെ പൂര്‍വികരായിരിക്കാമെന്നും അനുമാനിക്കപ്പെടുന്നു.

ഇതുവരെ കരുതി വന്നിരുന്നത് നിയാന്‍ഡര്‍താള്‍ മനുഷ്യരുടെ പൂര്‍വികര്‍ യൂറോപ്പിലാണ് ഉടലെടുത്തത് എന്നായിരുന്നു. നെഷര്‍ ഹോമോയുടെ കണ്ടെത്തല്‍ പ്രകാരം നേരത്തെയുണ്ടായിരുന്ന അനുമാനം തെറ്റായിരുന്നുവെന്നു തെളിയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്ര ലോകം. ശാസ്ത്രത്തിന് അതിപ്രധാനമായ ഒരുകണ്ടെത്തലാണ് പുതിയ തരം ഹോമോ വകഭേദത്തിന്റേതെന്ന് ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയില്‍ നിന്നെത്തിയ ഗവേഷകരില്‍ ഒരാളായ ഹെര്‍ഷ്‌കൊവിറ്റ്‌സ് പറഞ്ഞു.

ഇസ്രയേലില്‍ നിന്ന് ആദ്യമായാണ് ഇത്തരം ഒരു കണ്ടെത്തല്‍ നടന്നിരിക്കുന്നത്. നെഷര്‍ റാംലാ വിഭാഗത്തിനു കല്ലുവച്ചുള്ള ഉപകരണങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ടായിരുന്നുവെന്നും ആധുനിക മനുഷ്യരുടെ പൂര്‍വികരുമായി ഇടപെട്ടിരുന്നുവെന്നും ഗവേഷകര്‍ കരുതുന്നു.