സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയുടെ കൊറോണ വൈറസ് അലേർട്ട് ലെവൽ നാലിൽ നിന്ന് മൂന്നായി കുറച്ചു. ലോക്ക്ഡൗണിൽ നിന്ന് വേഗത്തിൽ പുറത്തുകടക്കുന്നതിനുള്ള നടപടിയാണിത്. പുതിയ രോഗികൾ, ആശുപത്രി പ്രവേശനങ്ങൾ, മരണങ്ങൾ എന്നിവ ഗണ്യമായി കുറഞ്ഞിരുന്നു. പുതിയ ജോയിന്റ് ബയോസെക്യൂരിറ്റി സെന്റർ ഈ മാറ്റം ശുപാർശ ചെയ്യുകയും ക്രിസ് വിറ്റി ഉൾപ്പെടെ യുകെയിലെ നാല് ചീഫ് മെഡിക്കൽ ഓഫീസർമാർ അംഗീകരിക്കുകയും ചെയ്തു. അടുത്തയാഴ്ച തുടക്കത്തിൽ തന്നെ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് അധികൃതർ പറഞ്ഞു. വീണ്ടും തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുന്ന പബ്ബുകളെയും മറ്റും സഹായിക്കുന്നതിനായി കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെൻറിക് പ്രത്യേക നിയമനിർമ്മാണം നടത്തുന്നുണ്ട്. അടുത്ത മാസം തന്നെ രണ്ട് മീറ്റർ അകലത്തിൽ മാറ്റം വരുമെന്നും അതിനാൽ കൂടുതൽ ബിസിനസുകൾ ആരംഭിക്കാമെന്നും ജോൺസൺ ശക്തമായ സൂചന നൽകി.
കൊറോണ വൈറസ് അലേർട്ട് ലെവൽ കുറച്ചതിനുശേഷം രണ്ട് മീറ്റർ അകലം പാലിക്കൽ നിയമം ഒരു മീറ്ററായി കുറയ്ക്കാമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. മറ്റ് മുൻകരുതലുകൾ നിലവിലുണ്ടെങ്കിൽ നിയന്ത്രണത്തിൽ അയവുവരുത്തുവാൻ കഴിയുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കെട്ടിടങ്ങൾ ശരിയായ വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പുവരുത്തുക, മാസ്കുകളുടെ ഉപയോഗം അല്ലെങ്കിൽ ആളുകൾ പരസ്പരം അടുത്തിരിക്കുന്ന ഇടങ്ങളിൽ സ്‌ക്രീനുകൾ സ്ഥാപിക്കുക തുടങ്ങിയ മുൻകരുതലുകൾ ഇതിൽ ഉൾപ്പെടുന്നു. ഇനിയും പ്രാദേശിക ലോക്ക്ഡൗൺ ആവും രാജ്യത്ത് നടപ്പിലാകുക എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. അലേർട്ട് ലെവൽ കുറച്ചതിൽ താൻ സന്തോഷവാനാണെന്നും ഹാൻകോക്ക് അറിയിച്ചു.
അതേസമയം ഇംഗ്ലണ്ടിലെ എല്ലാ വിദ്യാർത്ഥികളും സെപ്റ്റംബർ മുതൽ സ്കൂളിലേക്ക് മടങ്ങിയെത്തുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. എല്ലാ വിദ്യാർത്ഥികളെയും സ്കൂളിലേക്ക് തിരികെകൊണ്ടുവരുവാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ നടപടികളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസം ആരംഭിക്കുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഒരു മില്യൺ പൗണ്ട് ധനസഹായം പ്രഖ്യാപിച്ചു. കോവിഡ് സമയത്ത് നിലവിലുണ്ടായിരുന്ന നിയമങ്ങൾ അനുസരിച്ച്, ക്ലാസുകളിൽ 15 വിദ്യാർത്ഥികളെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ സെപ്റ്റംബർ മുതൽ എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിക്കാൻ ശ്രമിക്കുകയാണെന്ന് വില്യംസൺ പറഞ്ഞു. 30 കുട്ടികൾക്ക് വരെ ഒരു സമയം ക്ലാസ്സിൽ ഇരിക്കുവാനുള്ള രീതിയിലേക്ക് ക്രമീകരിക്കും. എന്നാൽ നിർദേശങ്ങൾ ആലോചിച്ചിട്ടില്ലെന്ന് അധ്യാപക യൂണിയനുകൾ പറഞ്ഞു. “ഒരു ക്ലാസ് മുറിയിൽ 30 കുട്ടികളുണ്ടെങ്കിൽ സാമൂഹിക അകലം പാലിക്കാനാവില്ല.” നാഷണൽ എഡ്യൂക്കേഷൻ യൂണിയന്റെ (എൻയുയു) ജോയിന്റ് ജനറൽ സെക്രട്ടറി കെവിൻ കോർട്ട്നി അഭിപ്രായപ്പെട്ടു.
Leave a Reply