ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ :വീടുകളുടെ മോർട്ട്ഗേജിൻെറ പലിശ നിരക്ക് കുറഞ്ഞുകൊണ്ടിരുന്ന യുകെയിൽ മലയാളികൾ ഉൾപ്പെടുന്ന സാധാരണക്കാർക്ക് ഇരുട്ടടിയായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് വർധിപ്പിച്ചത് വീടുകളുടെ പലിശ നിരക്ക് ഉയരാൻ കാരണമാകും. എന്നാൽ പൗണ്ടിൻെറ വിനിമയ നിരക്ക് ഉയരുന്നത് നാട്ടിലേയ്ക്ക് പണം അയക്കുന്നവർക്ക് അനുഗ്രഹമാകും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയർത്തുമെന്ന വാർത്ത വന്നതിൻെറ തൊട്ടുപിന്നാലെ തന്നെ ഒരു രൂപയ്ക്ക് മുകളിൽ പൗണ്ടിൻെറ വിനിമയ നിരക്കിൽ കൂടുതൽ ഉണ്ടായി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർധിപ്പിച്ചതോടെ പൗണ്ട് വിലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇത് യുകെ മലയാളികൾക്കും നേട്ടമായി. ഒരു പൗണ്ടിന് 101 രൂപ 72 പൈസ ആണ് നിലവിലുള്ള മികച്ച നിരക്ക്. ഒമിക്രോൺ വ്യാപന ഭീതിയ്ക്കിടയിലും കുതിച്ചുയരുന്ന പണപെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമമായിരുന്നു ഈ നിരക്ക് വർധന. ഒമിക്രോൺ ആശങ്കയും പലിശ നിരക്ക് ഉയർത്തുമെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപനവുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.1 ശതമാനത്തിൽ നിന്ന് നിരക്ക് ഉയർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) അംഗങ്ങൾ ഇന്ന് വോട്ട് ചെയ്തു. ഉപഭോക്തൃ വില സൂചിക 5.1 ശതമാനം ആയി ഉയർന്നു. ബാങ്ക് നിരക്കിൽ ഉടനടി ചെറിയ വർദ്ധനവ് ആവശ്യമാണെന്ന് കമ്മിറ്റിയിലെ മിക്ക അംഗങ്ങളും അഭിപ്രായപ്പെട്ടു. മൂന്നു വർഷത്തിനിടെ ഇതാദ്യമായാണ് സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉയർത്തുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ വർഷം മാർച്ചിൽ നിരക്ക് 0.1% ആയി കുറച്ചിരുന്നു.

2023-ഓടെ നിരക്കുകൾ 3.5% ആയി ഉയരുമെന്ന് ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോൺസിബിലിറ്റി (OBR) പ്രവചിക്കുന്നു. പലിശ നിരക്ക് വർധിപ്പിച്ചത് ഉടൻ തന്നെ വിപണിയിൽ പ്രതിഫലിക്കാൻ സാധ്യതയുള്ളതിനാൽ റീമോർട്ട്ഗേജ് ചെയ്യാനുള്ളവർ ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യുകെയിലെ പ്രമുഖ റീമോർട്ട്ഗേജ് ഏജൻസിയായ അലെയ്ഡിന്റെ വക്താവ് അഭിപ്രായപ്പെട്ടു.

സേവിംഗ്സ്

0.15% പലിശ നിരക്ക് അടിസ്ഥാനമാക്കി, 20,000 പൗണ്ട് നിക്ഷേപത്തിൽ പ്രതിവർഷം 30 പൗണ്ട് അധികം പലിശയായി ലഭിക്കും. എന്നാൽ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ജീവിതചെലവ് ഉയരുന്നത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. നിക്ഷേപകർ ഉയർന്ന നിരക്കുകളെ സ്വാഗതം ചെയ്യുമെങ്കിലും ഉയർന്ന ബാങ്ക് നിരക്ക് സേവിംഗ്സിൽ മികച്ച ലാഭം ഉണ്ടാക്കുമെന്നതിൽ യാതൊരു ഉറപ്പുമില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സേവിംഗ്സ് നിരക്കുകൾ ചെറുതായി വർധിച്ചാലും, വരുമാനം പണപ്പെരുപ്പ നിരക്കിനേക്കാൾ വളരെ താഴെയാണ്.

മോർട്ട്ഗേജ്

അതേസമയം, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പുതിയ തീരുമാനം മൂലം ഒരു ട്രാക്കർ മോർട്ട്ഗേജ് ഉപഭോക്താവിന് സാധാരണ പ്രതിമാസ തിരിച്ചടവിൽ 15 പൗണ്ട് അധികമായി ചേർക്കേണ്ടി വരും. സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റ് മോർട്ട്ഗേജ്-ഹോൾഡർ പ്രതിമാസം 10 പൗണ്ട് അധികം നൽകണം. യുകെയിലെ ഇരുപത് ലക്ഷത്തോളം ആളുകൾ ഈ രണ്ട് തരത്തിലുള്ള മോർട്ട്ഗേജുകളിൽ ഉൾപ്പെടുന്നവരാണ്.

 

റീമോർട്ട്ഗേജ് ചെയ്യാനുള്ളവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഉപദേശങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക