യു.കെ-യില്‍ ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ കുട്ടികൾ പട്ടിണി കിടക്കുന്ന വീടുകളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട്. ദശലക്ഷക്കണക്കിന് ആളുകൾ ഭക്ഷണം വാങ്ങാൻ പാടുപെടുകയാണ്. കുട്ടികളുള്ള വീടുകളിൽ അഞ്ചിലൊന്ന് പേർക്കും കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളിൽ ആവശ്യത്തിന് ഭക്ഷണം ലഭ്യമായിട്ടില്ലെന്ന് ഫുഡ്‌ ഫൌണ്ടേഷനില്‍ നിന്നുള്ള വിവരങ്ങളെ ആധാരമാക്കി ‘ദി ഗാര്‍ഡിയന്‍, മിറാർ ‘ എന്നി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനകം തന്നെ ദുർബലരായ കുടുംബങ്ങൾ ഒറ്റപ്പെടലും വരുമാനനഷ്ടവും നേരിടുന്നതിനാൽ പല കുടുംബങ്ങളും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുന്ന അവസ്ഥയുമുണ്ട്.

വലിയ കുടുംബങ്ങൾ, ഒരൊറ്റ രക്ഷാകർതൃ വീടുകൾ, വികലാംഗരായ കുട്ടികൾ തുടങ്ങിയവര്‍ക്കിടയിലാണ് പ്രശ്നം ഏറ്റവും രൂക്ഷം. ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കളിൽ 30% പേരും വികലാംഗരായ കുട്ടികളുള്ള 46% മാതാപിതാക്കളും ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സൗജന്യ പ്രഭാതഭക്ഷണ ക്ലബ്ബുകളെയും സ്കൂൾ ഉച്ചഭക്ഷണത്തെയും ആശ്രയിക്കുന്ന കുട്ടികൾ ഉള്ള കുടുംബങ്ങളും ദുരിതത്തിലാണ്. സ്കൂളുകൾ വീണ്ടും തുറക്കുന്നതുവരെ കുട്ടികള്‍ക്ക് ആഴ്ചയിൽ 15 പൌണ്ട് ഫുഡ് വൗച്ചറുകൾ നൽകുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍, പല മാതാപിതാക്കൾക്കും വൗച്ചറുകൾ ഡൗണ്‍ലോഡ് ചെയ്യാനോ സൂപ്പർമാർക്കറ്റുകളിൽ റിഡീം ചെയ്യാനോ കഴിയുന്നില്ല.

മഹാമാരി തുടങ്ങുന്നതിനു മുന്‍പ് സൗജന്യ പ്രഭാത ഭക്ഷണ ക്ലബ്ബുകളെ ആശ്രയിച്ചിരുന്ന കുട്ടികളുടെ എണ്ണം 621,000 വരുമെന്നാണ് കണക്ക്. അതില്‍ 136,000 പേർക്ക് മാത്രമാണ് ഇപ്പോള്‍ ബദൽ മാര്‍ഗ്ഗങ്ങള്‍ ഉള്ളതെന്ന് ഫുഡ്‌ ഫൌണ്ടേഷന്‍ വ്യക്തമാക്കുന്നു. സൗജന്യ സ്കൂൾ ഭക്ഷണത്തിന് അർഹരായ 31% കുട്ടികൾക്ക് ഇപ്പോഴും മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. അത്തരത്തിലുള്ള 500,000-ത്തിലധികം കുട്ടികള്‍ ഉണ്ടെന്നാണ് കണക്ക്.