സ്വന്തം ലേഖകൻ
എൻ എച്ച് എസ് സ്റ്റാഫിനും ആരോഗ്യ പ്രവർത്തകർക്കും നൽകിവരുന്ന കോവിഡ് 19 ആന്റിബോഡി ടെസ്റ്റ് പരിശോധനയിൽ ഉള്ള ലക്ഷ്യങ്ങൾ പൂർണ്ണമായി കൈവരിക്കാൻ സാധിക്കാത്തതിനാൽ ഒഴിവാക്കാൻ 14 മുതിർന്ന ആരോഗ്യ വിദഗ്ധരടങ്ങുന്ന സംഘം ബി എം ജെയ്ക്ക് കത്തെഴുതി. കഴിഞ്ഞ മാസമാണ് ഗവൺമെന്റ് 10 മില്യൺ ആന്റിബോഡി ടെസ്റ്റ് കിറ്റ് വാങ്ങിയത്. ഇത് എൻ എച്ച് എസ് ട്രസ്റ്റുകളിലും കെയർ ഹോമുകളിലും ലഭ്യമാക്കിയിരുന്നു. ഒരാളുടെ ശരീരത്തിൽ വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്ന് തിരിച്ചറിയുന്നത് വലിയ വഴിത്തിരിവാകുമെന്നാണ് നേരത്തെ വിദഗ്ധർ കരുതിയത്. ഇംഗ്ലണ്ടിൽ പതിവായി രക്ത പരിശോധന നടത്തുന്ന രോഗികൾക്ക് ഇത് ലഭ്യമാക്കുകയും ചെയ്തിരുന്നു.
ഒരിക്കൽ വൈറസ് ബാധിച്ച വ്യക്തിക്ക് പിന്നീട് പ്രതിരോധശേഷി വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ കോവിഡ് 19ന്റെ കാര്യത്തിൽ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി സിസ്റ്റം എങ്ങനെ പ്രവർത്തിക്കും എന്നതിൽ കൃത്യമായ ധാരണയില്ല. ഒരിക്കൽ രോഗബാധ ഉണ്ടായ ആൾക്ക് സ്വമേധയാ പ്രതിരോധശേഷി ഉണ്ടാകുമോ, രോഗം മാറിയ ശേഷവും വൈറസ് മറ്റുള്ളവരിലേക്ക് പടരാൻ സാധ്യതയുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല, എന്നാൽ ഈ റിസൾട്ടുകളുടെ സഹായത്തോടെ രോഗം പടരുന്നതിനെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ ആവും എന്നാണ് ശാസ്ത്രജ്ഞന്മാർ കരുതുന്നത്.
എന്നാൽ ആന്റിബോഡി ടെസ്റ്റിൽ പോസിറ്റീവ് ആകുന്ന വ്യക്തികൾക്ക് രോഗപ്രതിരോധശേഷി വർദ്ധിക്കും എന്ന് തെളിവൊന്നും ലഭിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ടെസ്റ്റ് പാഴാണ് എന്നാണ് ചില വിദഗ്ധരുടെ കാഴ്ചപ്പാട്. ഇതിലൂടെ രോഗികളെ പരിചരിക്കേണ്ടവർ ധരിക്കുന്ന സ്വയരക്ഷാ ഉപകരണങ്ങൾക്ക് എന്തെങ്കിലും മാറ്റം വരുത്തണോ എന്ന കാര്യത്തിലും സംശയം നിലനിൽക്കുന്നു. രോഗസാധ്യത കൂടുതലായ എത്തിനിക് മൈനോറിറ്റി, മറ്റു രോഗമുള്ളവർ തുടങ്ങിയവർക്കും ആന്റിബോഡി ടെസ്റ്റ് എത്ര കണ്ട് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ല. വൈറസിന്റെ വ്യാപനം തടയാൻ ഇപ്പോഴും മറ്റു മാർഗങ്ങളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ പ്രൊഫസറായ മാർട്ടിൻ ഹിബ്ബർഡ് പറയുന്നത് ലഭിക്കുന്ന ഡേറ്റയിലൂടെ രോഗനിയന്ത്രണത്തിന് ആവശ്യമായ മാർഗങ്ങൾ ലഭ്യമാകും എന്നാണ്. എന്നാൽ ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ പ്രൊഫസറായ ഡോക്ടർ ടോം വിംഗ്ഫീൽഡ് പറയുന്നത് കൃത്യതയില്ലാത്ത കണക്കുകൾ ഉപയോഗിച്ച് തെളിവെടുപ്പും ചികിത്സയും അസാധ്യമാണെന്നാണ്. എന്നിരുന്നാലും വ്യാപകമായി ഈ ടെസ്റ്റ് ഉപയോഗിച്ച് വരുന്നതായി കാണാം.
Leave a Reply