സ്വന്തം ലേഖകൻ
ബ്രിട്ടൻ :- നിലവിൽ കൊറോണ വൈറസ് സ്ത്രീകളെക്കാൾ, പുരുഷന്മാരെ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ടുകൾ. ഇതോടൊപ്പം തന്നെ വിവിധ പ്രായ ഗ്രൂപ്പുകളിൽ, കൊറോണ ഏറ്റവും കുറവ് ബാധിക്കുന്നത് കുട്ടികളെയാണ്. ചൈനീസ് സെന്റർ ഓഫ് ഡിസീസ് കൺട്രോൾ നടത്തിയ പഠന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 44000 പേരിൽ നടത്തിയ പഠനത്തിൽ, അസുഖം ബാധിച്ച പുരുഷന്മാരിൽ 2.8 ശതമാനം പേർ മരണപ്പെട്ടപ്പോൾ, 1.7 ശതമാനം സ്ത്രീകൾ മാത്രമാണ് മരണപ്പെട്ടത്. 0.2% കുട്ടികൾക്ക് മാത്രമാണ് കൊറോണ ബാധ മൂലം മരണം സംഭവിച്ചിരിക്കുന്നത്.
ഇതേതുടർന്നാണ് സ്ത്രീകളെ കുട്ടികളെയും ബാധിക്കുന്നത് വളരെ കുറച്ചു മാത്രമേയുള്ളൂ എന്ന ചോദ്യം ഉയർന്നുവരുന്നത്?? എന്നാൽ എക്സറ്റർ യൂണിവേഴ്സിറ്റിയിലെ ഡോക്ടർ ഭരത് പങ്കാനിയയുടെ അഭിപ്രായമനുസരിച്ച്, ഒരു പുതിയ വൈറസ് ഉണ്ടാകുമ്പോൾ എല്ലാവരെയും ഒരുപോലെ ബാധിക്കാനുള്ള സാധ്യത ആണ് ഉള്ളത്. വൈറസ് പുതുതായി രൂപീകരിക്കപ്പെട്ടതായതിനാൽ ആരുടെയും ശരീരത്ത് ഇതിനെ പ്രതിരോധിക്കാനുള്ള പ്രതിരോധ ശേഷി ഉണ്ടാവുകയില്ല. കുട്ടികളെ വളരെ കുറച്ചുമാത്രം രോഗം ബാധിക്കാനുള്ള കാരണം, കുട്ടികൾ രോഗ സാഹചര്യങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നതുകൊണ്ടാണെന്ന് കിംഗ്സ് കോളേജ് ലണ്ടനിലെ ഡോക്ടർ നതാലി വ്യക്തമാക്കി.
സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാർ പുകവലിക്കുകയും മറ്റും ചെയ്യുന്നത് മൂലം അവരുടെ പ്രതിരോധശേഷി കുറയാൻ സാധ്യത ഉണ്ട് , ഇത് ചിലപ്പോൾ പുരുഷന്മാരിൽ രോഗബാധ കൂടുതൽ ഉണ്ടാക്കുവാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എല്ലാവരും വളരെ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം ആണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ പങ്കുവയ്ക്കുന്നത്. നിലവിൽ എന്തെങ്കിലും രോഗബാധയിൽ ഉള്ളവർ പ്രത്യേകം സൂക്ഷിക്കണം എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് രോഗലക്ഷണങ്ങൾ.
Leave a Reply