ബെയ്ജിംഗ്: മോഡലുകളെയും എയര്‍ ഹോസ്റ്റസുമാരെയും തെരഞ്ഞെടുക്കാനായി വിചിത്രമായ ഒരു ഓഡിഷനാണ് കഴിഞ്ഞ ദിവസം ചൈനയില്‍ സംഘടിപ്പിച്ചത്. ക്വിന്‍ഗ്ഡാവോയിലെ ഒരു കോളേജില്‍ നിന്ന് ബിരുദം നേടിയ ആയിരത്തിലധികം പെണ്‍കുട്ടികളാണ് ഇതില്‍ പങ്കെടുത്തത്. എല്ലാവര്‍ഷവും ഇത്തരം ഓഡിഷനുകള്‍ ഇവിടെ നടക്കാറുണ്ടെന്നും പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ക്ക് എയര്‍ലൈനുകളിലോ ഫാഷന്‍ രംഗത്തോ മികച്ച അവസരങ്ങള്‍ ലഭിക്കുമെന്നാണ് ഓഡിഷനില്‍ പങ്കെടുത്തവര്‍ പ്രതീക്ഷിക്കുന്നത്. അതിനായി ബിക്കിനികളിലും എയര്‍ഹോസ്റ്റസുമാരുടെ വേഷത്തിലും ഇവര്‍ വേദിയില്‍ അണിനിരന്നു.
മത്സരാര്‍ത്ഥികള്‍ക്ക് ആവശ്യമായ ശാരീരിക അളവുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനാണ് ഇത്തരം വേഷവിധാനങ്ങള്‍ നിര്‍ദേശിച്ചിട്ടുളളത്. പങ്കെടുക്കുന്നവര്‍ ഭംഗിയുളളവരും മെലിഞ്ഞവരും മധുരമായി സംസാരിക്കുന്നവരും പുറത്തു കാണുന്ന ശരീരഭാഗങ്ങളില്‍ മുറിപ്പാടുകള്‍ ഇല്ലാത്തവരുമായിരിക്കണം. മത്സരത്തില്‍ വിജയിക്കണമെങ്കില്‍ അഞ്ചടി ആറ് ഇഞ്ച് ഉയരവും ഇവര്‍ക്കാവശ്യമാണ്. ഓറിയന്റല്‍ ബ്യൂട്ടി എന്ന പരസ്യ ഏജന്‍സിയാണ് പരിപാടി സംഘടിപ്പിച്ചത്. ശരിക്കും സുന്ദരിമാരാണെങ്കില്‍ അഞ്ചടി അഞ്ച് ഇഞ്ച് പൊക്കമുളളവരെയും പരിഗണിക്കുമെന്ന് ഇവരുടെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.

മോഡലിംഗ് ഏജന്‍സികളുടെയും എയര്‍ലൈന്‍ പരിശീലന ഏജന്‍സികളുടെയും പ്രതിനിധികള്‍ കാഴ്ചക്കാരായി എത്തിയിരുന്നു. ഷാന്‍ഡോംഗ്, ഷാങ്‌സി, അന്‍ഹുയി, ജിയാന്‍ങ്‌സു, ജിലിന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുളളവരാണ് എത്തിയത്. എയര്‍ലൈനുകള്‍ക്കും പരസ്യ ഏജന്‍സികള്‍ക്കും കഴിവുളള പുതിയ ആളുകളെ ലഭിക്കാന്‍ ഇത്തരം ഓഡിഷന്‍ ഏറെ സഹായിക്കുന്നതായി പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു. ഇതിന് പുറമെ പഠിച്ചിറങ്ങുന്നവര്‍ക്ക് സ്വയം തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുളള ഒരു വേദിയാണിതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.