സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. ഇന്നലെ ഉച്ചയ്ക്ക് അദ്ദേഹത്തിന് ഓക്സിജന്‍ ട്രീറ്റ്മെന്റ് തുടങ്ങിയതായ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി എട്ടരയോടെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. മെഡിക്കൽ സംഘത്തിന്റെ ഉപദേശപ്രകാരം ആണ് മാറ്റിയതെന്നും ജോൺസന് മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് രാജ്ഞിയെ അറിയിച്ചിട്ടുണ്ടെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കോവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 27 മുതല്‍ തന്നെ ബോറിസ് ജോണ്സണ് ഐസൊലേഷനിലായിരുന്നു. ഡൗണിംഗ് സ്ട്രീറ്റിലെ പത്താം നമ്പർ ഫ്ലാറ്റിൽ തന്നെയായിരുന്നു ഇദ്ദേഹം ഏകാന്തവാസത്തിലായിരുന്നത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ മാറാതിരുന്ന സാഹചര്യത്തില്‍ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനെ താല്‍ക്കാലികമായി തന്റെ ചുതലകളേല്‍പിച്ച ശേഷമാണ് ബോറിസ് ജോണ്സണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
പ്രധാനമന്ത്രിയുടെ പിന്നിൽ ശക്തമായൊരു ടീം സ്പിരിറ്റ് ഉണ്ടെന്ന് സർക്കാറിന്റെ പ്രതിദിന കോവിഡ് -19 മീറ്റിംഗിൽ അദ്ധ്യക്ഷനായ റാബ് പറഞ്ഞു. ജോൺസൺ നിർദ്ദേശിച്ച പദ്ധതികൾ എത്രയും വേഗം നടപ്പിലാക്കാൻ താനും സഹപ്രവർത്തകരും പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വൈറസ് ചലഞ്ചിലൂടെ ഞങ്ങൾ രാജ്യത്തെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ഇതിനെ “ഭീകര വാർത്ത” എന്നാണ് വിശേഷിപ്പിച്ചത്. ബോറിസ് ജോൺസന്റെ തിരിച്ചുവരവിനായി അമേരിക്കൻ ജനതയുടെ പ്രാർത്ഥന ഒപ്പം ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. “എന്റെയും ഈ രാജ്യത്തിന്റെയും ഏറ്റവും അടുത്ത സുഹൃത്താണദ്ദേഹം.” ട്രംപ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയ്ക്കും ഗർഭിണിയായ അദേഹത്തിന്റെ പങ്കാളി കാരി സൈമണ്ട്സിനും തന്റെ പിന്തുണ ഉണ്ടെന്നും ജോൺസൺ ഇതിലും ശക്തനായി തിരിച്ചു വരവ് നടത്തുമെന്നും ചാൻസലർ റിഷി സുനക് പറഞ്ഞു. സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ, ജോൺസന്റെ രോഗമുക്തിക്കായി എല്ലാ നല്ല ആശംസകളും അയയ്ക്കുകയാണെന്ന് പറഞ്ഞു. ജോൺസന്റെ മുൻഗാമിയായ തെരേസ മേയും മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും ജോൺസന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നുണ്ടെന്ന് അറിയിച്ചു. ഈ അഗ്നിപരീക്ഷയെ അദ്ദേഹം വേഗത്തിൽ മറികടക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ജോൺസൻ തന്റെ ആരോഗ്യത്തിലേക്ക് വേഗത്തിൽ മടങ്ങിവരട്ടെയെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ ആശംസിച്ചു.
സെന്റ് തോമസ് ഹോസ്പിറ്റലിൽ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച മെഡിക്കൽ സ്റ്റാഫുകൾ ഉണ്ടെന്നും പ്രധാനമന്ത്രി സുരക്ഷിതമായ കൈകളിലാണെന്നും ലണ്ടൻ മേയർ സാദിഖ് ഖാൻ ട്വീറ്റ് ചെയ്തു. ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5000 കടന്നു. ഇന്നലെ മാത്രം 439 പേർ മരണപ്പെട്ടു. ആകെ മരണസംഖ്യ 5,373ലേക്ക് ഉയർന്നു. ഒപ്പം രോഗബാധിതരുടെ എണ്ണവും അരലക്ഷം കടന്നു. ഇന്നലെ 3802 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 51,608 ആയി. ഈ കണക്കുകൾ ഞായറാഴ്ചത്തേക്കാൾ കുറവാണെന്നത് ആശ്വാസകരമാണ്.
Leave a Reply