തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം കോവിഡ്-19 സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 112 ആയി. നേരത്തെ ചികിത്സയിലായിരുന്ന രണ്ട് പേർ രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങി. രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം ഇതോടെ ആറായി. തൃശൂർ, തിരുവനന്തപുരം സ്വദേശികളാണ് വീടുകളിലേക്ക് മടങ്ങിയത്. ചികിത്സയിലുള്ള ആറ് പേരുടെ പരിശോധനാഫലങ്ങൾ ഇപ്പോൾ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൂന്നുപേര്‍ എറണാകുളത്തും രണ്ടുപേര്‍ വീതും പാലക്കാടും പത്തനംതിട്ടയിലുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇടുക്കിയിലും കോഴിക്കോട് ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ദുബായിൽ നിന്നു വന്നവരാണ്. ഒരാൾ യുകെയിൽ നിന്നും മറ്റൊരാൾ ഫ്രാൻസിൽ നിന്നും വന്നവരാണ്. മൂന്നുപേര്‍ക്ക് വൈറസ് ബാധിച്ചത് രോഗികളുമായുള്ള സമ്പര്‍ക്കം വഴിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 76,542 പേർ നിരീക്ഷണത്തിലുണ്ട്. 76,010 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ബാക്കിയുള്ളവർ ആശുപത്രിയിലും. നാട്ടിൽ ആരും പട്ടിണി കിടക്കുന്ന അവസ്ഥയുണ്ടാകരുതെന്നും അതിനായി തദ്ദേശ സ്ഥാപനങ്ങളെ അടക്കം ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
Leave a Reply