മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെ, കേരളം രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉന്നത സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വൈറസ് ബാധയെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചതായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും, ഇനിയും ചൈനയിൽ നിന്നുള്ളവർ തിരികെയെത്തുമെന്നും, അവരെ പരിഭ്രാന്തി പരത്താതെ ക്വാറന്‍റൈൻ ചെയ്യാൻ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
2239 പേരാണ് വിവിധ ജില്ലകളിലായി നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 84 പേര്‍ ആശുപത്രികളിലും 2155 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. സംശയാസ്പദമായ 140 സാമ്പികളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവയില്‍ 46 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. വുഹാനില്‍നിന്നും തിരിച്ചെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് സ്ഥിരീകകരിച്ചിട്ടുണ്ട്. ഈ വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൊറോണവൈറസ് ബാധ പടരുന്നത് കർശനമായി തടയാൻ റാപ്പിഡ് റെസ്പോൺസ് ടീം വിപുലീകരിച്ചതായും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 18 കമ്മറ്റികൾ ഉണ്ടാക്കി. നിരീക്ഷണത്തിലുള്ളവർക്ക് കൗൺസിലിംഗിന് പ്രത്യേക കൗൺസിലിംഗ് സംഘത്തെ ഏർപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. ആരോഗ്യ വകുപ്പ് സംസ്ഥാന തലത്തിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊറോണ വൈറസ് ബാധ സംശയിക്കുന്നവരുടെ തുടര്‍ ചികിത്സയ്ക്കായി സജ്ജമാക്കിയിട്ടുള്ള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply