കൊച്ചി∙ കേരളത്തിൽ സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവ്. പവന് 1,200 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 150 രൂപയും കുറഞ്ഞു. ഇതോടെ പവൻ വില 30,600 രൂപയിലെത്തി. ഗ്രാമിന് 3,825 രൂപയാണ് ഇന്നത്തെ വില. കൊറോണ ഭീതിയിൽ രാജ്യാന്തര വിപണിയിലുണ്ടാകുന്ന അസ്ഥിരതയെ തുടർന്നാണു സ്വർണവില ഇടിയുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടിയ നിക്ഷേപകർ ഇപ്പോൾ ഘട്ടം ഘട്ടമായി സ്വർണം വിറ്റു ലാഭമെടുക്കുകയാണ്.
കഴിഞ്ഞ ആഴ്ചകളിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,700 ഡോളർ വരെ വില ഉയർന്നിരുന്നു. ഇതെത്തുടർന്ന് കേരളത്തിൽ പവന് 32,320 രൂപ വരെ വിലയെത്തി. ഗ്രാമിന് 4,040 രൂപയുമെത്തി. രാജ്യാന്തര വിപണിയിലുണ്ടായ വലിയ ഇടിവാണ് ഇന്ന് കേരള വിപണിയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസം 3.6% വിലയിടിവാണുണ്ടായത്. വില 1,555 ഡോളർ വരെ എത്തിയിരുന്നു. നിലവിൽ ട്രോയ് ഔൺസിന് 1,585 ഡോളറാണു വില.
രൂപയുടെ മൂല്യം ഡോളറിനെതിരെ 74.52 വരെ എത്തിയതും സ്വർണവിലയെ ബാധിച്ചു. നാലു ദിവസംകൊണ്ടു പവൻ വിലയിൽ 1,720 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ദേശീയ ബുള്യൻ വിപണിയിൽ സ്വർണവില ഒരു ശതമാനം ഇടിഞ്ഞു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്നവരായ ഇന്ത്യയുടെയും ചൈനയുടെയും വാങ്ങൽ ശക്തി കുറഞ്ഞതും വിലയെ സ്വാധീനിക്കുന്നുണ്ട്. ആഗോള ഓഹരി വിപണികളിൽ ദിവസവും വലിയ നഷ്ടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ സ്വർണത്തിലേക്കു നിക്ഷേപകർ മടങ്ങിയെത്താനാണു സാധ്യത.
Leave a Reply