കൊറോണ വൈറസ് ബാധ മുലം കടുത്ത പ്രതിസന്ധിയിലായ ഇറ്റലിയിൽ ഓരോ ദിവസവും മരണ സംഖ്യ കൂടുകയാണ്. ഇന്നലെ മാത്രം 793 പേരാണ് രാജ്യത്ത് മരിച്ചത്. ഇതേ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പല നഗരങ്ങളിലും സൈന്യത്തെ ഇറക്കിയിട്ടുണ്ട്. ഏറ്റവും അത്യവശ്യമായ സ്ഥാപനങ്ങള്‍ ഒഴികെ ബാക്കിയെല്ലാം അടഞ്ഞു കിടക്കും. മരണ സംഖ്യ വര്‍ധനവിന്റെ നിരക്ക് പരിശോധിച്ചാല്‍ ചൈനയുടെ മരണ സംഖ്യയുടെ ഇരട്ടിയാകാന്‍ ഒന്നോ രണ്ടോ ദിവസം മതിയാകും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 700ല്‍ അധികം പേര്‍ ഇറ്റലിയില്‍ മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ കാണിക്കുന്നത്. ഇപ്പോള്‍ ചികിത്സയിലോ ഐസൊലെഷനിലോ ഉള്ള 42,680 സജീവ കേസുകളില്‍ 2857 പേരുടെ നില ഗുരുതരമാണ് എന്നത് സൂചിപ്പിക്കുന്നത് മരണ സംഖ്യ 10,000 കടന്നേക്കുമെന്നാണ്.

പ്രധാന കാരണമായി ശാസ്ത്രജ്ഞര്‍ ഉയര്‍ത്തുന്ന വിഷയം വയോജന ജനസംഖ്യയാണ്. ജപ്പാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വയോജനങ്ങള്‍ ഉള്ള രാജ്യമാണ് ഇറ്റലി. ഇവിടത്തെ ശരാശരി പ്രായം 45.4 ആണ്. രാജ്യത്തിന്റെ 23 ശതമാനം ജനങ്ങളും 65 വയസിനു മുകളില്‍ ഉള്ളവരാണ്. ഇറ്റലിയില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ ശരാശരി പ്രായം 78.5 ആണ്. ഇവരില്‍ 99% പേരും മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ കൂടിയുള്ളവരാണ് എന്നതും ശ്രദ്ധിയ്ക്കുക.

ഇറ്റലിയിലെ യുവാക്കള്‍ അവരുടെ വീടുകളിലെ വയോജനങ്ങളുമായി ഏറെ അടുത്തിടപഴകി ജീവിക്കുന്നവരാണ് എന്ന വസ്തുതയാണ് സാമൂഹ്യ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമീണ മേഖലയിലെ യുവാക്കള്‍ മിലാന്‍ അടക്കമുള്ള വന്‍ നഗരങ്ങളില്‍ ജോലി ചെയ്യുന്നവരും തങ്ങളുടെ കുടുംബത്തിനൊപ്പം താമസിക്കുന്നവരുമാണ്. നഗരങ്ങള്‍ക്കും വീടുകള്‍ക്കും ഇടയിലെ പ്രതിദിനമുള്ളതോ ഇടവിട്ടുള്ളതോ യാത്ര ആയിരിക്കാം കൊറോണ വൈറസിന്റെ നിശബ്ദ പടര്‍ച്ചയ്ക്ക് കാരണമായത് എന്നാണ് വിലയിരുത്തല്‍. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും കൊറോണ ഏറ്റവും വേഗത്തില്‍ പടരാവുന്ന വയോജനങ്ങളില്‍ ഇതെത്തിക്കുന്ന വാഹകരായി യുവാക്കള്‍ പ്രവര്‍ത്തിച്ചു എന്നതാണു യാഥാര്‍ഥ്യം. ഇറ്റാലിയന്‍ അധികൃതര്‍ യാഥാര്‍ഥ്യം തിരിച്ചറിയുന്നതിന് മുന്പ് വലിയ രീതിയിലുള്ള സാമൂഹിക വ്യാപനം നടന്നു കഴിഞ്ഞിരുന്നു.

അതേ സമയം ശരാശരി പ്രായം 47.3 ആയ ജപ്പാനില്‍ പക്ഷേ കോവിഡ് മരണം 35 മാത്രമാണ്. അപ്പോള്‍ പ്രായം മാത്രമല്ല കോവിഡ് നിയന്ത്രണത്തിന് പരിഗണിക്കേണ്ട ഘടകം എന്നു സൂചിപ്പിക്കുകയാണ് ജപ്പാന്റെ ഉദാഹരണം.”എന്തുകൊണ്ട് ഇറ്റലി എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. അതിനൊരു ലളിതമായ ഉത്തരമില്ല.”ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ യാഷ്ക മൌങ്ക് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തങ്ങളുടെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാവുന്നതില്‍ കൂടുതല്‍ പേരെ രോഗം ബാധിച്ചതോടെ പ്രായം കൂടിയവരെ മരണത്തിന് വിട്ടുകൊടുക്കുന്ന അവസ്ഥയാണ് ഇറ്റലിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതും രോഗ വ്യാപനത്തിന്റെ തോത് കൂട്ടിയിരിക്കുകയാണ്.

രാജ്യത്തു ഇതുവരെ 15 ഓളം ആരോഗ്യ പ്രവര്‍ത്തകരും 18 പുരോഹിതന്മാരും മരണപ്പെട്ടു എന്നത് കോവിഡ് മഹാമാരി ഇറ്റലിയില്‍ ഉണ്ടാക്കിയ ദുരന്തത്തിന്റെ ചിത്രം കൂടുതല്‍ ഇരുണ്ടതാക്കുന്നു.

ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതുപോലെ ദക്ഷിണ കൊറിയയും ജപ്പാനും ജര്‍മ്മനിയും അടക്കമുള്ള രാജ്യങ്ങള്‍ കാണിച്ച മാതൃക സ്വീകരിച്ച് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുകയും രോഗ ബാധിതര്‍ കൂടുതല്‍ സാമൂഹിക വ്യാപനത്തിന്റെ വാഹകാരായി മാറുന്നത് തയുകയും മാത്രമാണ് ഇറ്റലിയുടെ മുന്‍പിലെ പോംവഴി എന്നു ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.