സ്വന്തം ലേഖകൻ
വുഹാൻ :- കൊറോണ ബാധയുടെ തുടക്ക കേന്ദ്രമായ വുഹാനിൽ രണ്ടാംഘട്ട വൈറസ് ബാധ പടരുന്നു. ഇതിനെ തുടർന്ന് നഗരത്തിലെ 11 മില്യൺ ജനങ്ങൾക്കും 10 ദിവസത്തിനുള്ളിൽ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്താൻ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്. വുഹാൻ നഗരത്തിലെ ഓരോ ഡിസ്ട്രിക്ട്കളോടും ടെസ്റ്റിങിന് ആവശ്യമായ സമ്പൂർണ്ണ പ്ലാൻ ചൊവ്വാഴ്ചയോടു കൂടി സമർപ്പിക്കാൻ ആരോഗ്യ അധികൃതർ നിർദ്ദേശിച്ചിരിക്കുകയാണ്. മുഴുവൻ ടെസ്റ്റുകളും പൂർത്തിയാക്കാൻ 10 ദിവസത്തോളം എടുക്കും എന്നാണ് നിഗമനം. പുതുതായി കഴിഞ്ഞ ആഴ്ച ആറ് കേസുകൾ വുഹാനിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ലോക്ക്ഡൗൺ നീക്കിയതിനു ശേഷം വുഹാനിൽ ഏകദേശം 47000 ന്യൂക്ലിക് ആസിഡ് ടെസ്റ്റുകളാണ് നടന്നിരിക്കുന്നത്.
ഏപ്രിലിനു ശേഷം ചൈനയിൽ റിപ്പോർട്ട് ചെയ്ത കേസുകൾ ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ കുറവാണ്. രാജ്യത്താകമാനം ഏർപ്പെടുത്തിയ ടെസ്റ്റിംഗ്, സ്ക്രീനിംഗ്, ക്വാറന്റൈൻ എന്നിവയുടെ അനന്തരഫലമാണ് ഈ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്. ടെസ്റ്റിംങുകളുടെ എണ്ണം കൂട്ടുന്നത് വളരെ അത്യാവശ്യമാണെന്ന് വുഹാൻ നഗര അധികൃതർ അറിയിച്ചു.
വീണ്ടും കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, ജനങ്ങൾ എല്ലാവരും ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളെല്ലാവരും മാസ്ക്കുകൾ ഉപയോഗിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്നും, സാമൂഹ്യ അകലം പാലിക്കണമെന്നും തുടങ്ങിയ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 35 ദിവസത്തിനു ശേഷമാണ് വുഹാനിൽ പുതിയതായി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ എട്ടിന് ലോക്ഡൗൺ നീക്കിയതിനു ശേഷം ആദ്യമായാണ് വുഹാനിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി 23 മുതൽ തന്നെ നഗരം മുഴുവൻ ലോക്ക്ഡൗണിൽ ആയിരുന്നു. ഇതുവരെ ചൈനയിൽ 82, 919 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മൊത്തം മരണനിരക്ക് 4633 ആണ്.
Leave a Reply