കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പൂര്‍ണമായ നിരോധനങ്ങളിലേക്ക് കടക്കുന്നു. അന്തര്‍ദ്ദേശീയ വിമാനങ്ങളുടെ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. ഞായറാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. ഇന്ന് എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഈ പ്രഖ്യാപനം.
10 വയസ്സിന് താഴെയുള്ള കുട്ടികളും 65 വയസ്സിനു മുകളില്‍ പ്രായമുള്ള വൃദ്ധരും വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 18 കേസുകളാണ്. സ്ഥിതി ഗൗരവപ്പെട്ടതാണെന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നടപടിയിലൂടെ നല്‌കിയിരിക്കുന്നത്.
ജനപ്രതിനിധികളോ, ഡോക്ടര്‍മാരോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ അല്ലാത്തവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. റെയില്‍വേയിലെ എല്ലാ കണ്‍സെഷന്‍ യാത്രകളും മരവിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗികള്‍, വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവുണ്ട്.
സ്വകാര്യമേഖലയില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര, അവശ്യ സേവനങ്ങള്‍ക്കു മാത്രമേ ഇക്കാര്യത്തില്‍ ഇളവ് പാടുള്ളൂ. നിലവില്‍ ഇന്ത്യ രോഗപ്പകര്‍ച്ചയുടെ രണ്ടാംഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ പടരുന്നത് തിരിച്ചറിയാനും നടപടികളെടുക്കാനും സാധിക്കും. അടുത്ത ഘട്ടത്തില്‍ സമൂഹപ്പകര്‍ച്ചയുടെ ഘട്ടമാണ്. ഇതില്‍ പകര്‍ച്ച തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ (സമൂഹപ്പകര്‍ച്ച) നടന്നിട്ടുണ്ടോയെന്നതിന് തെളിവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
Leave a Reply