സ്വന്തം ലേഖകൻ

ലണ്ടൻ : ലോകജനതയുടെ നിലനില്പിനുതന്നെ കനത്ത ഭീഷണി സൃഷ്ടിക്കുന്ന കൊലയാളി വൈറസിനെ പിടിച്ചുകെട്ടാൻ കഴിയാതെ രാജ്യങ്ങൾ. ബ്രിട്ടനിൽ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. രാജ്യത്ത് 5683 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ ഇതിനകം 281 ആയി ഉയർന്നു. കടുത്ത നിയന്ത്രണങ്ങൾ ഉൾപ്പെടെ രാജ്യം സ്വീകരിച്ചിട്ടും കേസുകളുടെ എണ്ണം കുറയുന്നില്ല. കൊറോണ വൈറസ് ഉണ്ടാകാൻ സാധ്യതയുള്ള ഇംഗ്ലണ്ടിലെ 1.5 മില്യൺ ആളുകളോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു. സന്ദേശത്തിലൂടെ അവരെ ഇക്കാര്യം അറിയിക്കും. അവരുടെ ജീവൻ സംരക്ഷിക്കുന്നതിന് 12 ആഴ്ച പുറത്തുപോകരുതെന്ന് കർശനമായി ആവശ്യപ്പെടും. മാതൃദിനത്തിൽ പ്രിയപ്പെട്ടവരെ സന്ദർശിക്കരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. ലണ്ടൻ മേയർ സാദിഖ് ഖാൻ ഈ ഉപദേശം ശ്രദ്ധിക്കാൻ ആളുകളോട് ആവശ്യപ്പെട്ടു. വൈറസ് വ്യാപനത്തെ തടയാൻ സ്കൂളുകൾ അടച്ചും യാത്രകളിൽ വിലക്കുകൾ ഏർപ്പെടുത്തിയും പല നിയന്ത്രണങ്ങളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ , സിസ്റ്റിക് ഫൈബ്രോസിസ് പോലുള്ള കടുത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ അല്ലെങ്കിൽ പ്രത്യേക അർബുദമുള്ളവർ എന്നിവരാണ് അപകടസാധ്യതയുള്ള ആളുകൾ. കേസുകൾ വർദ്ധിക്കുന്നതോടെ എൻ എച്ച് എസും പ്രതിസന്ധിയിലാകുകയാണ്. ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞു ; “ഇറ്റലിക്ക് മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനമുണ്ട്. എന്നിട്ടും അവിടുത്തെ അവസ്ഥ നമ്മുക്കറിയാം. മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ ഒരുമിച്ച് പ്രവർത്തിച്ചില്ലെങ്കിൽ, വ്യാപനത്തെ മന്ദഗതിയിലാക്കാൻ കൂട്ടായ ദേശീയ ശ്രമം നടത്തുന്നില്ലെങ്കിൽ – നമ്മുടെ എൻ‌എച്ച്‌എസും സമാനമായ പ്രതിസന്ധി നേരിട്ടേക്കാം. ” കണക്കുകൾ അനുസരിച്ച് ഇറ്റലിയിൽ രോഗം ബാധിച്ച് ഇതുവരെ 5476 പേർ മരിച്ചുകഴിഞ്ഞു. യുകെ ഇറ്റലിക്ക് രണ്ടോ മൂന്നോ ആഴ്ചകൾ പിന്നിലാണെന്നും ജോൺസൻ മുന്നറിയിപ്പ് നൽകി. നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്ന് സർക്കാർ ആളുകളോട് നിർദേശിച്ചിട്ടുണ്ട്. എങ്കിലും ലണ്ടനിലെ ബാറ്റേഴ്സ പാർക്കിന്റെ ചില ഭാഗങ്ങളിൽ ഇന്നലെയും തിരക്കനുഭവപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാതൃദിനം സംബന്ധിച്ച് ആളുകൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ശാരീരിക സാമീപ്യം ഒഴിവാക്കി വീഡിയോ കോളിലൂടെ അവരെ ബന്ധപ്പെടുക എന്നതാണ്. രോഗഭീഷണി കൂടുതലും പ്രായമായവർക്കാണ്. അതിനാൽ തന്നെ ഈ കാര്യത്തിൽ അതീവശ്രദ്ധ ചെലുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തലസ്ഥാനത്തെ ആളുകൾ സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മേയർ സാദിഖ് ഖാൻ ബിബിസിയോട് പറഞ്ഞു. ഫാർമസിസ്റ്റുകൾക്കും ജിപികൾക്കും പേർസണൽ പ്രൊട്ടക്ട്ടീവ് എക്വിപ്മെന്റ് (പിപിഇ ) എത്തിച്ചിട്ടുണ്ടെന്നും എല്ലാ സാമൂഹ്യ പരിപാലന ദാതാക്കൾക്കും ഈ വരുന്ന ആഴ്ച അത് വിതരണം ചെയ്യുമെന്നും കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെൻറിക് അറിയിച്ചു. അതേസമയം, പലചരക്ക് പോലുള്ള അവശ്യസാധനങ്ങൾ അപകടസാധ്യതയുള്ള ആളുകൾക്ക് എത്തിക്കാൻ സായുധ സേനയിലെ അംഗങ്ങൾ സഹായിക്കുമെന്ന് സർക്കാർ അറിയിച്ചു.

4,000 നഴ്‌സുമാരും 500 ഡോക്ടർമാരും ഉൾപ്പെടെ വിരമിച്ചവർ തിരിച്ചു ജോലിയിലേക്ക് പ്രവേശിക്കാമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട് . ഈയൊരു മനോഭാവത്തെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് അഭിനന്ദിച്ചു. വൈറസ് ബാധയെത്തുടർന്ന് സോപ്പ് എമ്മർഡേൽ, കൊറോണേഷൻ സ്ട്രീറ്റ് എന്നിവയുടെ പ്രൊഡക്ഷൻ തിങ്കളാഴ്ച മുതൽ നിർത്തുമെന്ന് ഐടിവി അറിയിച്ചു. രാജ്യത്തുടനീളമുള്ള പള്ളികൾ ഓൺലൈനിലൂടെ വിശ്വാസികൾക്ക് ഞായറാഴ്ച ആരാധന എത്തിച്ചുകൊടുത്തു. ചർച്ച് ഓഫ് ഇംഗ്ലണ്ടും ചർച്ച് ഓഫ് സ്കോട്ട്ലൻഡും ഇപ്പോൾ ബഹുജനാരാധന നിരോധിച്ചിരിക്കുന്നു. ആഗോളതലത്തിൽ കേസുകളുടെ എണ്ണം 337,042 ആയി ഉയർന്നു. ഇതിനകം 14,641 മരണങ്ങളും ഉണ്ടായിക്കഴിഞ്ഞു.