സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കൊറോണ വൈറസിന് അന്ത്യമില്ല. കൊറോണ വൈറസ് പൊട്ടിപുറപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏവരും മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് ജീവിക്കേണ്ടിവരുന്നു. കഴിഞ്ഞയാഴ്ച ക്യുഇഐഐ കോൺഫറൻസ് സെന്ററിൽ നടന്ന യുകെ ബസ് ഉച്ചകോടിയിൽ പങ്കെടുത്ത ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോൺഫറൻസിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അധികൃതർ. മുൻകരുതൽ എന്ന നിലയിൽ ഫെബ്രുവരി 20 വരെ പൊതു പരിപാടികൾ റദ്ദാക്കുന്നുവെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത രണ്ട് ലേബർ പാർട്ടി എംപിമാർ പറഞ്ഞു. ഇതുവരെ യുകെയിൽ ഒമ്പത് പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.

ഫെബ്രുവരി 6 ന് വെസ്റ്റ്മിൻസ്റ്ററിൽ നടന്ന സമ്മേളനത്തിൽ ട്രാൻസ്പോർട്ട് സെലക്ട് കമ്മിറ്റിയുടെ മുൻ ചെയർ എംപി ലിലിയൻ ഗ്രീൻവുഡ് സംസാരിച്ചിരുന്നു. ബസ്, ഗതാഗത വ്യവസായ മേഖലയിൽ നിന്ന് 250 ഓളം പേർ പങ്കെടുത്തു. അതിനെത്തുടർന്ന് രണ്ടാഴ്ചക്കാലത്തേക്ക് തന്റെ പൊതുപരിപാടികൾ റദാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായിരുന്ന ഗതാഗത മന്ത്രി ബറോണസ് വെരെ, പൊതുജനാരോഗ്യ ഇംഗ്ലണ്ട് ഉപദേശങ്ങൾ അനുസരിക്കുകയാണെന്ന് അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് വൈറസ് ബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ പരിപാടിയിൽ പങ്കെടുത്ത ഏവർക്കും കോൺഫറൻസിന്റെ സംഘാടകരായ ട്രാൻസ്പോർട്ട് ടൈംസ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു ഇമെയിൽ അയച്ചു. എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ വീട്ടിൽ തന്നെ കഴിയാനും എൻ എച്ച് എസിലേക്ക് 111 എന്ന നമ്പറിൽ ബന്ധപ്പെടാനും ഇമെയിലിൽ പറയുന്നു.

ഇതേസമയം, ഇന്നലെ മാത്രം അനേകം ആളുകൾ മരിച്ചതോടെ മൊത്തം മരണസംഖ്യ 1400 കടന്നു. എങ്കിലും പുതിയ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസം പകരുന്നു. 44,653 പേർക്കാണ് ചൈനയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയെ കൂടാതെ ജപ്പാൻ, ഹോങ്കോങ്, ഫിലിപ്പൻസ് എന്നീ രാജ്യങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.












Leave a Reply