കളമശേരി: കോവിഡ്-19 (കൊറോണ) രോഗ ലക്ഷണങ്ങളുമായി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ശേഷം കാണാതായ യുവാവ് തിരിച്ചെത്തി. ഇയാൾക്കായി തെരച്ചിൽ നടത്താൻ ഉത്തരവിടാൻ ഡിഎംഒ ജില്ലാ കളക്ടർക്കും പോലീസിനും കത്ത് നൽകിയതിനെ തുടർന്നാണ് യുവാവ് സ്വമേധയാ തിരിച്ചെത്തിയത്.
തായ്ലന്റിൽ നിന്ന് എത്തിയ 25 വയസുകാരനായ ആലുവ മുപ്പത്തടം സ്വദേശിയെ നെടുമ്പാശേരി വിമാനത്താവളത്തിൽവച്ച് നടത്തിയ പരിശോധനയിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച്ച പുലർച്ചെ തന്നെ വിമാനത്താവളത്തിൽനിന്ന് കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളജിൽ കൊണ്ടുവരികയും ചെയ്തു.
എന്നാൽ മണിക്കൂറുകൾക്കുള്ളിൽ യുവാവ് വീട്ടിലേക്ക് ആരെയും അറിയിക്കാതെ മടങ്ങി. ഇതോടെയാണ് ഇയാൾ പൊതുജന അരോഗ്യത്തിന് ഭീഷണിയാണെന്ന ജാഗ്രത നോട്ടീസ് ഡിഎംഒ പുറപ്പെടുവിക്കാൻ ഇടയായത്. മുറിയിൽ അടച്ചിരിക്കുകയായിരുന്ന യുവാവ് രാത്രി വൈകിയാണ് മെഡിക്കൽ കോളജിൽ തിരികെയെത്തിയത്. രോഗലക്ഷണങ്ങൾ ശക്തമല്ലെന്നും സാമ്പിൾ ആലപ്പുഴയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Leave a Reply