റഷ്യന്‍ അധിനിവേശം ചെറുക്കാന്‍ പരമാവധി ശ്രമിക്കുകയാണ് ഉക്രൈന്‍. ആയുധം വെച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയാവാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞുവെങ്കിലും, ആയുധം വെച്ച് കീഴടങ്ങില്ലെന്നും പോരാട്ടം തുടരുമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി മറുപടി നല്‍കിക്കഴിഞ്ഞു. പൗരന്മാരോട് ആയുധമെടുക്കാനുള്ള ആഹ്വാനങ്ങളും ഉക്രൈന്‍ നേരത്തെ തന്നെ നല്‍കിയിരുന്നു.

20 നും 60നും ഇടയിലുള്ള പുരുഷന്മാര്‍ രാജ്യം വിടുന്നതിനെതിരെയും വിലക്കുണ്ടായിരുന്നു. ഇപ്പോഴിതാ രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധമേന്തുകയാണ് ഉക്രൈനിയന്‍ സ്ത്രീകളും. ഉക്രൈന്‍ വനിതാ എംപിയായ കിറ റുദിക് കലാഷ്‌നികോവ് തോക്കുമായി പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്.

എങ്ങനെ കലാഷ്‌നികോവും മറ്റു ആയുധങ്ങളും ഉപയോഗിക്കാം എന്ന് ഞാന്‍ പഠിക്കുകയാണ്. കുറച്ച് ദിവസം മുമ്പ് വരെ ഇത് എന്റെ ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല. പുരുഷന്മാരെ പോലെതന്നെ വനിതകളും നമ്മുടെ നാടിനെ സംരക്ഷിക്കും. ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പായി കിറ റുദിക് കുറിച്ചു. യുക്രൈന്‍ വോയിസ് പാര്‍ട്ടിയുടെ നേതാവ് കൂടിയായ റുദിക് 2019ലാണ് യുക്രൈന്‍ പാര്‍ലിമെന്റിലെത്തുന്നത്.