ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഗവൺമെന്റ് പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം ബ്രിട്ടനിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ റുവാണ്ട പോലുള്ള രാജ്യങ്ങളിലേക്ക് അയക്കുന്നതിന് ഒരാൾക്ക് 169000 പൗണ്ട് വീതം ചെലവാക്കേണ്ടതായി വരുമെന്ന് വ്യക്തമാക്കുന്നു. ഇതോടെ ഈ വർഷം യുകെയിൽ അനധികൃതമായി എത്തിയ ഏകദേശം 11,000 പേരെ ക്യാമ്പുകളിലേക്ക് അയയ്‌ക്കാൻ സർക്കാരിന് 1.8 ബില്യൺ പൗണ്ട് ചെലവഴിക്കേണ്ടിവരുമെന്നാണ് പുതുതായി വെളിപ്പെടുത്തിയ കണക്കുകൾ സൂചിപ്പിക്കുന്നത്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കോ അല്ലെങ്കിൽ സമാനമായ രാജ്യങ്ങളിലേക്കോ അയച്ച ഓരോ വ്യക്തിയും നികുതിദായകന് 106,000 പൗണ്ടിനും 165,000 പൗണ്ടിനും ഇടയിൽ ലാഭമുണ്ടാക്കുന്നതായും അനധികൃത കുടിയേറ്റ ബില്ലിനെ സംബന്ധിച്ചുള്ള ഇക്കണോമിക് അസെസ്മെന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏകദേശം 37 ശതമാനത്തോളം ആളുകൾ ഇംഗ്ലീഷ് ചാനൽ കടക്കുന്നത് തടഞ്ഞാൽ മാത്രമേ ഗവൺമെന്റിന് ഈ ചിലവുകൾ കുറയ്ക്കുവാൻ സാധിക്കുവെന്നാണ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. നിയമവിരുദ്ധമായി യുകെയിൽ എത്തുന്ന ആളുകൾക്ക് മാത്രമേ ഈ ചെലവ് ഉണ്ടാകൂ. ഒരു വ്യക്തി നിയമവിരുദ്ധമായി യുകെയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയാണെങ്കിൽ, ഒരു ചെലവും ഉണ്ടാകില്ലെന്നും അസ്സസ്മെന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ ബ്രിട്ടന് കുടിയേറ്റക്കാരെ അയക്കുവാൻ റുവാണ്ടയുമായി മാത്രമാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. എന്നാൽ ഗവൺമെന്റ് സൂചിപ്പിച്ചപോലെ, കൂടുതൽ രാജ്യങ്ങളുമായി കരാറുകളിൽ ഏർപ്പെട്ടാൽ കാര്യങ്ങൾ കൂടുതൽ ചെലവേറിയതായി മാറും.
ഇത്തരത്തിൽ ചെലവേറിയ ഈ പദ്ധതിക്കെതിരെ നിരവധി വിമർശനങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നിരിക്കുന്നത്. ഹോം ഓഫീസ് തയ്യാറാക്കിയ ഏതാനും കണക്കുകൾ തന്നെ അവരുടെ പദ്ധതികൾ എത്രത്തോളം താറുമാറായതും പ്രവർത്തനരഹിതവുമാണെന്ന് കാണിക്കുന്നതായും, യുകെയിൽ എത്തുന്ന എല്ലാ അഭയാർത്ഥികളെയും നീക്കം ചെയ്യുമെന്ന തന്റെ വാഗ്ദാനം നിറവേറ്റാൻ റിഷി സുനക്കിന് കഴിഞ്ഞാൽ അതിന് കോടിക്കണക്കിന് പൗണ്ട് കൂടുതൽ ചിലവ് വരുമെന്ന് ഇത് സൂചിപ്പിക്കുന്നതായും ലേബർ പാർട്ടി ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ വ്യക്തമാക്കി. ഒന്നും ചെയ്യാതിരിക്കുക എന്നത് ഒരു സാധ്യതയല്ലന്നാണ് ഈ റിപ്പോർട്ട് തെളിയിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. അതിനാൽ തന്നെ ഏറ്റവും മികച്ച വഴിയായ അനധികൃത കുടിയേറ്റക്കാരെ യുകെയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയുന്നതിനുള്ള ബിൽ എല്ലാ എംപിമാരും ഒരുമിച്ച് അംഗീകരിക്കണം എന്നും അവർ ആവശ്യപ്പെട്ടു.
Leave a Reply