പാരീസ്: ഏജിയന്‍ സമുദ്രത്തില്‍ 43 അഭയാര്‍ത്ഥികള്‍ കൂടി മുങ്ങി മരിച്ചതോടെ യൂറോപ്പിലെ കുടിയേറ്റ പ്രശ്‌നം വീണ്ടും രൂക്ഷമായ വിമര്‍ശനം ക്ഷണിച്ച് വരുത്തുകയാണ്. അഭയാര്‍ത്ഥികളുടെ ഒഴുക്ക് ഫലപ്രദമായി കൈകാര്യം ചെയ്തില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ തകര്‍ച്ചയ്ക്ക് ഇത് കാരണമാകുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ കൊല്ലം മാത്രം പത്ത് ലക്ഷം കുടിയേറ്റക്കാരാണ് യൂറോപ്പിലെത്തിയത്. ഇവരിലേറെയും തുര്‍ക്കി വഴിയാണ് യൂറോപ്പില്‍ കടന്നത്. ശൈത്യകാലമായതോടെ ഈ ഒഴുക്ക് മന്ദഗതിയിലാകുമെന്നാണ് വിലയിരുത്തുന്നത്. ഈ മാസം ആദ്യ മൂന്നാഴ്ചയില്‍ 35000 പേര്‍ യൂറോപ്പിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ കൊല്ലം ഈ സമയമെത്തിയത് വെറും 1600 പേര്‍ മാത്രമായിരുന്നു.
കഴിഞ്ഞ വസന്തകാലം മുതല്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ആറ് ഉച്ചകോടികള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മാത്രമായി ചേര്‍ന്നു. എന്നാല്‍ യൂണിയന്റെ പല നടപടികളും അപര്യാപ്തമോ മെല്ലെപ്പോകുന്നവയോ ആയിരുന്നു. പുനരധിവാസവും മാറ്റിപ്പാര്‍പ്പിക്കലും അടക്കമുളള പദ്ധതികള്‍ യൂണിയന്‍ ആവിഷ്‌ക്കരിച്ചു. യൂറോപ്പിലേക്കുളള അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് തടയാനായി പ്രത്യേക അതിര്‍ത്തി രക്ഷാ സേനയെയും ഇവര്‍ വിന്യസിച്ചു.

യൂറോപ്യന്‍ അതിര്‍ത്തി തീരസംരക്ഷണ സേനയ്ക്ക് കഴിഞ്ഞ മാസം യൂറോപ്യന്‍ നേതാക്കള്‍ പച്ചക്കൊടി കാട്ടി. കൂടുതല്‍ അഭയാര്‍ത്ഥികളെത്തുന്ന ഗ്രീസിലും ഇറ്റലിയിലുമാകും ഇവരെ വിന്യസിക്കുക. അഭയാര്‍ത്ഥികളെ എവിടെ താമസിപ്പിക്കാനാകും എന്ന് തീരുമാനിക്കും മുമ്പ് ഇവരെ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യും. ഇവര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥയും മുന്നോട്ട് വച്ചിട്ടുണ്ട്. പല നേതാക്കള്‍ക്കും ഇതിന് കൂടുതല്‍ സമയം വേണമെന്ന അഭിപ്രായം മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിനായി ആറ് മുതല്‍ എട്ടാഴ്ച വരെ സമയം വേണമെന്നാണ് ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ പറഞ്ഞത്.

അഭയാര്‍ത്ഥികളുടെ ഒഴുക്ക് തടയാനായി യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കിയുമായി 2.3 ബില്യന്‍ പൗണ്ടിന്റെ ഒരു കരാറില്‍ ഒപ്പ് വച്ചു. സിറിയ, ഇറാഖ്, മറ്റ് യുദ്ധമേഖലകളില്‍ നിന്നായി 22 ലക്ഷം അഭയാര്‍ത്ഥികളെയാണ് തുര്‍ക്കി ഇപ്പോള്‍ സ്വീകരിച്ചിട്ടുളളത്. എന്നാല്‍ ഇതിന്റെ ചെലവ് ആര് വഹിക്കുമെന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ധനമന്ത്രിമാര്‍ ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ല. തുര്‍ക്കി തങ്ങളുടെ കടമ ചെയ്യുന്നില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അധികൃതരുടെ വാദം. എന്നാല്‍ 2.3 ബില്യന്‍ പൗണ്ട് ഒന്നിനും തികയില്ലെന്നാണ് തുര്‍ക്കിയുടെ പരാതി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമ്പത്തികമായി കുടിയേറ്റക്കാര്‍ യൂറോപ്പിന് ഒരു അനുഗ്രഹമാണെന്നാണ് രാജ്യാന്തര നാണ്യനിധിയുടെ വിലയിരുത്തല്‍. പല രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് കുടിയേറ്റം സഹായകമാകും. ആസ്ട്രിയ, ജര്‍മനി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ 2020ഓടെ 1.1 അധിക ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. യൂറോപ്പിലെ ജനസംഖ്യ തകര്‍ച്ചയ്ക്കും ഇതൊരു പരിഹാരമാകും. നിലവിലെ യൂണിയനിലെ തൊഴില്‍ സേനാബലം 240 മില്യന്‍ ആണ്. കുടിയേറ്റക്കാരൂടെ ഒഴുക്ക് ഇതുപോലെ തുടര്‍ന്നാല്‍ 2050 ഓടെ ഇത് 207 മില്യനായി കുറയും. ഇവരുടെ ഒഴുക്ക് തടസപ്പെട്ടാല്‍ അത് 169 മില്യനായാണ് ഇടിയുക എന്നും അന്താരാഷ്ട്ര നാണ്യ നിധി മുന്നറിയിപ്പ് നല്‍കുന്നു.

കുടിയേറ്റക്കാര്‍ ഒഴുകിയതോടെ പാസ്‌പോര്‍ട്ട് രഹിത ഷെങ്കന്‍ മേഖല എന്ന സങ്കല്‍പം കടുത്ത പരീക്ഷണങ്ങള്‍ക്ക് വേദിയായി. ആസ്ട്രിയ, ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക് എന്നീ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇതര രാജ്യമായ നോര്‍വെയും പിന്നീട് താത്ക്കാലിക പരിശോധനകള്‍ക്ക് നിര്‍ബന്ധിതമായി. രണ്ട് മാസം കൊണ്ട് അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ ഷെങ്കന്‍ പരാജയമാകുമെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ടസ്‌ക് അഭിപ്രായപ്പെട്ടത്.

യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരം അഭയാര്‍ത്ഥികള്‍ ആദ്യമെത്തുന്ന രാജ്യത്ത് രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ ഡബ്ലിന്‍ വ്യവസ്ഥ ഗ്രീസിനും ഇറ്റലിക്കും വന്‍ ബാധ്യതയാണ് സൃഷ്ടിച്ചത്. ഇത് വലിയ തോതില്‍ ലംഘിക്കപ്പെടുകയും ചെയ്തു. തീരമേഖലകളില്‍ എത്തിച്ചേര്‍ന്ന പലരും പിന്നീട് ജര്‍മനിയിലേക്കും സ്വീഡനിലേക്കും മറ്റും ചേക്കേറി. ഇതോടെ ക്വാട്ട സംവിധാനം നിലവില്‍ വരുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ബ്രിട്ടനിലേക്ക് വെറും 3.5 ശതമാനം അഭയാര്‍ത്ഥികള്‍മാത്രമാണ് കഴിഞ്ഞ കൊല്ലം എത്തിയത്. നിയമങ്ങളിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടി ബ്രിട്ടന്‍ വര്‍ഷം തോറും ആയിരം കുടിയേറ്റക്കാരെ വീതം തിരിച്ചയക്കുകയും ചെയ്തു. ബ്രിട്ടനിലേക്ക് തൊഴില്‍ തേടിയെത്തുന്ന യൂറോപ്യന്‍മാരുടെ എണ്ണം കുറയ്ക്കാന്‍ കാമറൂണ്‍ നേരത്തെ തന്നെ ലക്ഷ്യമിട്ടിരുന്നതാണ്. എന്നാല്‍ അഭയാര്‍ത്ഥി പ്രശ്‌നം മൂലം യൂണിയനില്‍ നിന്ന വിട്ട് പോകാനുളള തീരുമാനം പോലും ബ്രിട്ടന്‍ പുനഃപരിശോധിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്.