ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിരവധി യുകെ മലയാളികൾ ടിക്ക് ടോക്കിലെ സാന്നിധ്യം കൊണ്ട് പ്രശസ്തി നേടിയവരാണ്. എന്നാൽ ഇതാ യുഎസിൽ ടിക്ക് ടോക്കിന് നിരോധനം വന്നതിന് പിന്നാലെ സഖ്യരാജ്യങ്ങളിലും ഇവ നടപ്പിലാക്കാൻ അധിക നാൾ വേണ്ടി വരില്ല എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ദേശീയ സുരക്ഷയെ കുറിച്ചുള്ള ആശങ്കകളും ചൈനീസ് സർക്കാരുമായുള്ള ബന്ധവും കാരണം ByteDance-ൻ്റെ ഉടമസ്ഥതയിലുള്ള ആപ്പ് ഇന്ന് മുതൽ യുഎസിൽ നിരോധിക്കപ്പെടും. എന്നാൽ യുഎസ് ഉന്നയിച്ച ആരോപണങ്ങൾ ByteDance നിഷേധിച്ചു.
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരോധനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നു. ട്രംപ് നിരോധനം പിൻവലിക്കാൻ പദ്ധതിയിടുന്നതായി പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു. ചൈനീസ് കമ്പനിയായ ഹുവായ്, റഷ്യൻ കമ്പനിയായ കാസ്പെർസ്കി എന്നിവയിൽ കണ്ട മാതൃകയിലായിരിക്കും നിരോധനമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ, ദേശീയ സുരക്ഷാ ആശങ്കകൾ ലോകമെമ്പാടും വിശാലമായ ആപ്പിൻെറ നിയന്ത്രണങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയും അവർ ചൂണ്ടിക്കാട്ടി.
ഹുവായിയും കാസ്പെർസ്കിയും ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് ആരോപിച്ചാണ് യുഎസ് നിരോധിച്ചത്. സമാനമായ സാഹചര്യമാണ് ടിക് ടോക്കിലും സംഭവിക്കുന്നത്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയിരുന്ന കാലയളവിലാണ് ക്രെംലിൻ ഹാക്കിംഗിൽ പങ്കുണ്ടെന്ന ആരോപണങ്ങൾക്ക് പിന്നാലെ 2017-ൽ കാസ്പെർസ്കിയുടെ ആൻ്റിവൈറസ് സോഫ്റ്റ്വെയർ യുഎസ് സർക്കാർ സംവിധാനങ്ങളിൽ നിന്ന് നിരോധിച്ചത്. ഇതിന് പിന്നാലെ യുകെയും ഇത് പിന്തുടർന്നിരുന്നു. കാലക്രമേണ, മറ്റ് സഖ്യകക്ഷികൾ ഈ കമ്പനിക്ക് നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തി. ഔദ്യോഗിക നിരോധനങ്ങളില്ലാത്ത സ്ഥലങ്ങളിൽപ്പോലും, കാസ്പെർസ്കിയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെന്ന് കണക്കുകൾ കാണിക്കുന്നു. ഇങ്ങനെ ആണെങ്കിൽ യുഎസിന് പിന്നാലെ യുകെയിലും ടിക്ക് ടോക്കിന് നിരോധനം വന്നേക്കാം.
Leave a Reply