എനര്‍ജി പ്രൈസില്‍ ഏര്‍പ്പെടുത്തുന്ന പരിധി ഫലത്തില്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടമാകുമെന്ന് വിലയിരുത്തല്‍. മികച്ച ഡീലുകള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നിര്‍ത്താന്‍ ഇത് ഉപഭോക്താക്കളെ പ്രേരിപ്പിക്കുമെന്നും അതിലൂടെ പ്രതിവര്‍ഷം ഉപഭോക്താക്കളുടെ പോക്കറ്റില്‍ നിന്ന് 200 പൗണ്ടെങ്കിലും നഷ്ടമാകുമെന്നും എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം സമ്മതിച്ചു. ഇന്നു മുതലാണ് എനര്‍ജി ബില്ലുകളില്‍ പരിധി നിലവില്‍ വരുന്നത്. ഇതനുസരിച്ച് 1137 പൗണ്ടിനു മേല്‍ ഉപഭോക്താക്കളില്‍ നിന്ന് ഒരു വര്‍ഷം ഈടാക്കാന്‍ എനര്‍ജി സപ്ലയര്‍മാര്‍ക്ക് സാധിക്കില്ല. ഫിക്‌സഡ് താരിഫില്‍ തുടരുന്നവര്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുന്നത്.

ഈ പ്രൈസ് ക്യാപ്പിന്റെ പ്രയോജനം 11 മില്യന്‍ കുടുംബങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ഓഫ്‌ജെം കണക്കുകൂട്ടുന്നത്. ഒരേ സപ്ലയറുടെ സേവനം ദീര്‍ഘകാലമായി തുടരുന്ന ഇവരുടെ താരിഫ് കുറച്ചു കൂടി ഉയര്‍ന്ന തലത്തിലേക്ക് മാറ്റാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഓഫ്‌ജെം നടത്തിയ ഇംപാക്ട് അസസ്‌മെന്റില്‍ ക്യാപ്പിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളാകുന്നത് ഇവരില്‍ മൂന്നിലൊന്ന് പേര്‍ മാത്രമാണെന്നാണ്. ഇവര്‍ പണം ലാഭിക്കുന്നതിനായി സേവനദാതാക്കളെ മാറ്റി പരീക്ഷിക്കുന്നവരാണെന്നും വ്യക്തമായിട്ടുണ്ട്.

മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ താരിഫ് പ്രൈസ് ക്യാപ്പിലും താഴ്ന്ന നിരക്കിലാണ് ഉള്ളത്. എനര്‍ജി സപ്ലയര്‍മാരെ മാറ്റിക്കൊണ്ടിരിക്കുന്ന ശരാശരി ഉപഭോക്താവിന് പ്രതിവര്‍ഷം 921 പൗണ്ട് മാത്രമാണ് അടക്കേണ്ടതായി വരികയെന്ന് പ്രൈസ് കംപാരിസണ്‍ വെബ്‌സൈറ്റായ comparethemarket.com പറയുന്നു. ഓഫ്‌ജെം ഏര്‍പ്പെടുത്തിയ പരിധിക്കൊപ്പം ബില്‍ത്തുക നല്‍കുന്ന സാധാരണ ഉപഭോക്താവിനേക്കാള്‍ 216 പൗണ്ട് കുറവാണ് ഇതെന്നും സൈറ്റ് വ്യക്തമാക്കുന്നു.