ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ പാർക്കിങ്ങിൽ പിഴ ഈടാക്കുന്നതിലെ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനായി ഏകീകൃത ഡിജിറ്റൽ സംവിധാനമായ നാഷണൽ പാർക്കിംഗ് പ്ലാറ്റ്‌ഫോം (എൻപിപി) കൂടുതൽ കൗൺസിലുകൾ സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം നൽകി. വിവിധ പാർക്കിംഗ് ഇടങ്ങളിൽ പണം അടയ്ക്കാൻ ഓരോ തവണയും വ്യത്യസ്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. പ്രധാന പാർക്കിംഗ് ആപ്പുകളിൽ ഏതെങ്കിലും ഉപയോഗിച്ച് പണമടയ്ക്കാൻ കഴിയുന്ന രീതിയാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോൾ വരെ ഇംഗ്ലണ്ടിലെ 15 പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ മാത്രമാണ് എൻപിപിയിൽ ചേരുന്നത്. എന്നാൽ ഇത് കൂടുതൽ വ്യാപിപ്പിക്കാൻ സർക്കാർ സ്റ്റാറ്റ്യൂട്ടറി ഗൈഡൻസ് കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഇത് നിയമമല്ലെങ്കിലും, കൗൺസിലുകൾ പാലിക്കേണ്ട ഔദ്യോഗിക നിർദേശമായതിനാൽ അവഗണിച്ചാൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ 10 കൗൺസിലുകളിൽ ആരംഭിച്ച പദ്ധതി കഴിഞ്ഞ വർഷം രാജ്യവ്യാപകമായി നടപ്പാക്കിയിരുന്നു.

ഇതിനോടകം തന്നെ 10 മില്യണിലധികം പണമിടപാടുകൾ എൻപിപി വഴി നടന്നതായി സർക്കാർ വ്യക്തമാക്കി. ലളിതവും സൗകര്യപ്രദവുമായ പണമടയ്ക്കൽ സംവിധാനം ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു. പിഴവഴികളിലെ ആശയക്കുഴപ്പം കുറച്ച് ‘അന്യായ പിഴകൾ’ ഒഴിവാക്കാൻ ഈ സംവിധാനം സഹായകരമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത് .