ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഗോൾഡേഴ്‌സ് ഗ്രീൻ പ്രദേശത്ത് യഹൂദ സേവന സംഘടനയായ ഹത്സോളയുടെ നാല് ആംബുലൻസുകൾക്ക് തീ വെച്ച സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ 1.45ഓടെ മഖ്സികെ ഹദാത്ത് സിനഗോഗിന് സമീപമുള്ള ഹൈഫീൽഡ് റോഡിൽ നിന്നാണ് തീപിടിത്ത വിവരം ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ മൂന്നു പേർ ആംബുലൻസുകളിൽ ദ്രാവക രൂപത്തിലുള്ള വസ്തു ഒഴിച്ച് തീ വെച്ച് രക്ഷപ്പെടുന്നതായി കാണുന്നുവെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. സംഭവത്തെ യഹൂദവിരുദ്ധ വിദ്വേഷ കുറ്റമായി പരിഗണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആക്രമണത്തിന് പിന്നിൽ ഇറാനുമായി ബന്ധമുള്ള ഒരു സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുവെങ്കിലും അതിന്റെ സത്യസന്ധത സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. തീപിടിത്തത്തിൽ ആംബുലൻസുകളിലെ ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് സമീപവാസികളുടെ വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഏകദേശം 34 പേരെ താൽക്കാലികമായി ഒഴിപ്പിക്കുകയും ചെയ്തു. ലണ്ടൻ ഫയർ ബ്രിഗേഡിന്റെ ആറു ഫയർ എൻജിനുകളും 40ഓളം അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.

സംഭവത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഇത് ഗുരുതരമായ യഹൂദ വിരുദ്ധ ആക്രമണമാണെന്ന് പ്രതികരിച്ചു. ലണ്ടൻ മേയർ സാദിഖ് ഖാൻ ഇത് ഭീരുത്വപരമായ ആക്രമണമാണെന്ന് വ്യക്തമാക്കി. യുകെയുടെ മുഖ്യ റബ്ബി എഫ്രൈം മിർവിസ് ജീവൻ രക്ഷിക്കാൻ പ്രവർത്തിക്കുന്ന സേവനങ്ങളെ ലക്ഷ്യമിട്ട ആക്രമണങ്ങളെ അപലപിക്കുന്നതായി പറഞ്ഞു . നശിപ്പിക്കപ്പെട്ട ആംബുലൻസുകൾക്ക് പകരം പുതിയത് നൽകുമെന്ന് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗ് അറിയിച്ചു.