ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഡർബി നഗരമധ്യത്തിലെ ഫ്രയർ ഗേറ്റ് മേഖലയിൽ കാൽനടക്കാരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറിയ സംഭവത്തിൽ ഭീകരവിരുദ്ധ വിഭാഗം അന്വേഷണം ഏറ്റെടുത്തു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിന്റെ ഉദ്ദേശം വ്യക്തമല്ലെങ്കിലും എല്ലാ സാധ്യതകളും തുറന്ന മനസ്സോടെ പരിശോധിക്കുകയാണെന്ന് ഡർബിഷയർ പൊലീസ് അറിയിച്ചു. ഇതുപോലുള്ള സംഭവങ്ങളിൽ സാധാരണ നടപടിയായാണ് കൗണ്ടർ ടെററിസം വിഭാഗം ഉൾപ്പെടുന്നതെന്നും, ഇപ്പോൾ സംഭവത്തെ ഭീകരാക്രമണമെന്ന രീതിയിൽ കാണുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഇന്ത്യൻ വംശജനും നിരവധി വർഷങ്ങളായി ബ്രിട്ടനിൽ താമസിക്കുന്ന 36 കാരനായ ഡർബി സ്വദേശിയാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. കൊലപാതകശ്രമം, അപകടകരമായ ഡ്രൈവിംഗ്, ഗുരുതരമായ ശാരീരിക പരിക്ക് ഉണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. സംഭവം നടന്നതിന് പിന്നാലെ ഏതാനും നിമിഷങ്ങൾക്കകം പൊലീസ് സ്ഥലത്തെത്തി, ഏഴ് മിനിറ്റിനുള്ളിൽ പ്രതിയെ പിടികൂടുകയും ചെയ്തതായി അധികൃതർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും സാക്ഷികളുടെ വിവരങ്ങളും അന്വേഷണത്തിന് നിർണായകമാണെന്നും പൊലീസ് അറിയിച്ചു.

നഗരത്തെ നടുക്കിയ സംഭവത്തിന് പിന്നാലെ പ്രദേശത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് തുടരുന്നത്. ഫ്രയർ ഗേറ്റ് ഭാഗം താൽക്കാലികമായി അടച്ചിടുകയും പിന്നീട് തുറക്കുകയും ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണെങ്കിലും ജീവൻ അപകടത്തിലല്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവം പ്രാദേശിക സമൂഹത്തിൽ കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. ശനിയാഴ്ച രാത്രി 9.30ഓടെ കറുത്ത സുസുക്കി സ്വിഫ്റ്റ് കാർ കാൽനടക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. ഇതിനിടെ പ്രതി മലയാളിയാണെന്ന രീതിയിലുള്ള വാർത്തകൾ ചില മാധ്യമങ്ങളിൽ വന്നത് യുകെ മലയാളി സമൂഹത്തിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചത്. എന്നാൽ ഈ നിഗമനത്തിലേക്ക് എത്താൻ ആയിട്ടുള്ള വിവരങ്ങൾ ഒന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല.











Leave a Reply