ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് നേഴ്സിനെതിരെ ദമ്പതികൾ നടത്തിയ വംശീയ അധിക്ഷേപം വിവാദമായി. വെസ്റ്റ് യോർക്ക്ഷെയറിലെ ഹാലിഫാക്സിലെ മാനർ ഹീത്ത് പാർക്കിൽ ആണ് വിവാദമായ സംഭവം നടന്നത് . ഏകദേശം അറുപത് വയസ്സ് പ്രായമുള്ള ദമ്പതികൾ നേഴ്സിനെതിരെ മോശമായ പരാമർശങ്ങൾ ഉന്നയിക്കുകയും വെള്ളം എറിയുകയും ചെയ്തു. “നീ ഇവിടെ വന്നത് റബർ ബോട്ടിലാണോ?” എന്നായിരുന്നു അവരെ പരിഹസിച്ച് ചോദിച്ചത്. തന്റെ കുട്ടിയെ ആക്രമിക്കാൻ വന്ന നായയെ നിയന്ത്രിക്കാൻ ദമ്പതികളോടെ ആവശ്യപ്പെട്ടതാണ്‌ പ്രകോപനത്തിന് കാരണമായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

12 വർഷമായി എൻഎച്ച്എസിൽ സേവനം ചെയ്യുന്ന ഹഡേഴ്സ് ഫീൽഡ് സ്വദേശിനി നേഴ്സ് ആണ് ആക്രമണത്തിന് ഇരയായത്. അവർക്കൊപ്പം ഉണ്ടായിരുന്ന മാതാപിതാക്കൾക്കും, ആറും പതിനൊന്നും വയസ്സുള്ള കുട്ടികൾക്ക് നേരെയും അധിക്ഷേപം ഉണ്ടായി. നായ ഭയപ്പെടുത്തിയത് മൂലം കുഞ്ഞുങ്ങൾ സുരക്ഷിതരല്ലെന്ന തോന്നലിൽ ആയിരുന്നുവെന്ന് അവർ പറഞ്ഞു.

സംഭവം പുറത്തു വന്നതോടെ സമൂഹ മാധ്യമങ്ങളിലൂടെയും പൊതുജനങ്ങളിലൂടെയും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ആരോഗ്യരംഗത്ത് ജീവൻ പണയം വെച്ച് സേവനം ചെയ്യുന്ന നേഴ്സുമാർക്കെതിരായ ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് മിക്കവരും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടത് . ദമ്പതികളെ വംശീയ ആക്രമണത്തിന് അറസ്റ്റ് ചെയ്തതായി പോലിസ് സ്ഥിരീകരിച്ചു. ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നേഴ്സുമാർക്കും വലിയ സ്ഥാനം ഉണ്ട്. ഇപ്പോൾ എൻഎച്ച്എസ് നേഴ്സുമാരിൽ ഏകദേശം 30 ശതമാനം പേർ വിദേശികളാണ്. ഇന്ത്യക്കാരാണ് ഏറ്റവും വലിയ വിഭാഗം .