സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഇന്തോനേഷ്യയിലെ ബാലി ദ്വീപിലെ ജയിലിൽ ഏഴുവർഷമായി തടവിലാണ് ബ്രിട്ടീഷ് വനിത ലിൻഡ്‌സെ സാൻഡിഫോർഡ്. 2013 -ൽ 1.6 മില്യൺ പൗണ്ട് മൂല്യമുള്ള കൊക്കയ്ൻ എന്ന മയക്കുമരുന്ന് ഇന്തോനേഷ്യയിലേക്ക് കടത്താൻ ശ്രമിച്ച കുറ്റത്തിനാണ് ലിൻഡ്‌സെ അറസ്റ്റിലായത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇന്തോനേഷ്യയിലെ ശിക്ഷ വളരെ ക്രൂരമാണ്. മയക്കുമരുന്ന് മാഫിയയോട് ബന്ധപ്പെട്ട് കിടക്കുന്ന എല്ലാവരെയും വധശിക്ഷയ്ക്ക് വിധിക്കുകയാണ് പതിവ്. ഈ വധശിക്ഷ നടപ്പിലാക്കുന്നതും വളരെ ക്രൂരമായാണ്. പ്രതികളെ ആയുധധാരികളായ സൈനികർ നേരിട്ട് നെഞ്ചിലേക്ക് നിറയൊഴിച്ചു കൊല്ലുകയാണ് പതിവ്. ഇപ്രകാരം വെടിവയ്ക്കുന്ന വ്യക്തി മരിച്ചില്ലെങ്കിൽ പിന്നീട്, ശിരസ്സിലേക്കാണ് നിറയൊഴിക്കുന്നത് . പ്രതികൾ 10 വർഷത്തോളം ജയിലിൽ കിടന്ന ശേഷം മാത്രമേ ഇത്തരത്തിലുള്ള വധശിക്ഷ നടപ്പിലാക്കാറുള്ളൂ. 2015- ലാണ് ഏറ്റവും അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. ഇപ്പോൾ ലിൻഡ്‌സെ ഉൾപ്പെടെ നിരവധിപേർ വധശിക്ഷ കാത്ത് ജയിലിൽ കഴിയുകയാണ്.

ഗ്ലോസെസ്റ്റർഷെയറിലെ ചെൽറ്റൻഹാമിലായിരുന്നു ലിൻഡ്‌സെ താമസിച്ചിരുന്നത്. വാടക കുടിശ്ശിക വന്നതുമൂലം വാടക വീട്ടിൽ നിന്ന് ഇവർ പുറംതള്ളപ്പെട്ടു. രണ്ടു കുട്ടികളുടെ അമ്മയായ ഇവർ, ഭർത്താവിൽനിന്നു പിരിഞ്ഞു 2012- ൽ ഇന്ത്യയിലേക്ക് വരുന്നതിനുള്ള തീരുമാനമെടുത്തു. ആ യാത്രയ്ക്കിടയിൽ 2012 മെയ് 19ന് ആണ് ഇന്തോനേഷ്യയിലെ ബാലിയിൽ വെച്ച് ലിൻഡ്‌സെയുടെ പെട്ടിയിൽ കൊക്കയ്ൻ കണ്ടെത്തുന്നതും, അറസ്റ്റിലാവുന്നതും. തന്റെ കുടുംബത്തെ ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തി തന്നെക്കൊണ്ട് മനഃപൂർവം ഇതു കടത്തിച്ചതാണെന്നാണ് ലിൻഡ്‌സെ പോലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് ഈ വാദം മാറ്റി പറയുകയും ചെയ്തു.

ജൂലിയൻ പൊൺഡെർ എന്നെ ബ്രിട്ടീഷുകാരനും, അദ്ദേഹത്തിന്റെ കൂട്ടാളി റെയ്ച്ചലും ചേർന്നാണ് തന്നെ ഈ പ്രവർത്തിക്ക് നിർബന്ധിച്ചതെന്ന് ലിൻഡ്‌സെ ആരോപിച്ചെങ്കിലും, അവർക്ക് ലിൻഡ്‌സെയോടുള്ള ബന്ധം കണ്ടെത്താനായില്ല.

2013 ജനുവരി 22നാണ് ലിൻഡ്‌സെയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇന്തോനേഷ്യൻ സുപ്രീംകോടതിക്ക് ഇവർ പരാതി നൽകിയെങ്കിലും തീരുമാനത്തിന് മാറ്റമൊന്നുമുണ്ടായില്ല. ഇതിനു ശേഷം ഏഴു വർഷമായി ഇവർ ബാലിയിലെ ജയിലിലാണ്.