ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ദമ്പതികളെ കേരളത്തിൽ പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം ഈസ്റ്റ് കല്ലട മണിവീണയിൽ ചിഞ്ചു എസ് രാജ് , കൊടുങ്ങല്ലൂർ ശൃംഗപുരം വാക്കേക്കാട്ടിൽ അനീഷ് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. യുകെയെ കൂടാതെ സിംഗപ്പൂർ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേയ്ക്കുള്ള തൊഴിൽ വിസകൾ കൈയ്യിലുണ്ടെന്ന് കാട്ടി വെബ്സൈറ്റ് വഴി പരസ്യം ചെയ്താണ് പ്രതികൾ തട്ടിപ്പ് വ്യാപകമായി നടത്തിയത്.

എറണാകുളം കലൂരിൽ ടാലന്റിവിസ് എച്ച്ആർ കൺസൽറ്റൻസി എന്ന സ്ഥാപനം നടത്തിവരികയായിരുന്നു പ്രതികൾ. പലരിൽ നിന്നുമായി 1.9 കോടി രൂപയാണ് പ്രതികൾ കബളിപ്പിച്ചെടുത്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പണവുമായി രാജ്യം വിടാൻ ഒരുങ്ങുമ്പോഴാണ് ഇവർ പിടിയിലായത് . ഉദ്യോഗാർത്ഥികളുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും നിരവധി വ്യാജ സീലുകളും ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

യുകെയിലെ മലയാളികൾ ഉൾപ്പെട്ട കെയർ വിസ തട്ടിപ്പുകൾ കൂടുതൽ സങ്കീർണ തലങ്ങളിലേയ്ക്ക് എത്തിയതിന്റെ ഒട്ടേറെ വാർത്തകൾ മലയാളം യുകെ ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു . വിദ്യാർത്ഥി, കെയർ വിസകൾക്കുള്ള നിബന്ധനകൾ യുകെ ഇളവ് ചെയ്തതിനെ പരമാവധി ദുരുപയോഗം ചെയ്യുകയാണ് മലയാളികൾ ചെയ്തത്. അത് മാത്രമല്ല കൂണുകൾ പോലെ പൊട്ടിമുളച്ച ഏജൻസികൾ കോടികളാണ് സഹജീവികളെ കളിപ്പിച്ച് സമ്പാദിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിവർപൂളിൽ പണം നഷ്ടപ്പെട്ട യുവാവ് രണ്ടും കൽപ്പിച്ച് ഏജന്റിന്റെ വീട്ടു പടിക്കൽ സത്യാഗ്രഹമിരുന്നതിന് വൻ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ലഭിച്ചത് . 12 ലക്ഷം രൂപയാണ് ഈ യുവാവിന്റെ കൈയ്യിൽ നിന്ന് ഏജൻറ് തട്ടിയത്. വാർത്താമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഇത്രയും ശക്തമായ കാലത്ത് തട്ടിപ്പുകാരുടെ പ്രവർത്തികൾ യുകെയിലെ മലയാളി സമൂഹത്തിന് ഒന്നടങ്കം നാണക്കേട് ഉണ്ടാക്കി കത്തി പടരുകയാണ്.

ഇത്തരം തട്ടിപ്പുകളുടെ ഒട്ടേറെ പരാതികളാണ് ഹോം ഓഫീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും വ്യക്തികൾക്ക് വിസ തട്ടിപ്പിനെ കുറിച്ചോ, ഇടപാടുകളെ കുറിച്ചോ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സമർപ്പിക്കാനുള്ള സൗകര്യങ്ങൾ ഹോം ഓഫീസ് നൽകിയത് മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. കെയർ വിസ തട്ടിപ്പുകളെ കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ വരെ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. കെയർ വിസയിലും വിദ്യാർത്ഥി വിസയിലും വരുന്നവർക്ക് ആശ്രിത വിസ അനുവദിക്കില്ലെന്ന യുകെയുടെ പുതിയ കുടിയേറ്റ നയം രൂപീകരിക്കുന്നതിൽ പ്രധാനകാരണം ഈ മേഖലകളിൽ ഉയർന്നുവന്ന നിരവധി പരാതികൾ ആണെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

മലയാളികൾ തമ്മിലുള്ള സമൂഹമാധ്യമങ്ങളിലെ വിഴുപ്പലക്കൽ കൂടാതെയാണ് ബിബിസിയിൽ കെയർ വിസ തട്ടിപ്പിനെ കുറിച്ച് വൻ പ്രാധാന്യത്തോടെ വാർത്തകൾ വന്നത്. ബിബിസി പ്രസിദ്ധീകരിച്ച വാർത്തയിലെ തട്ടിപ്പുകാരും തട്ടിപ്പിനിരയായവരും മലയാളികളാണ്. ബിജിഎം കൺസൾട്ടൻസി എന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെൻറ് ഏജൻസി വിസക്കായി 6000 പൗണ്ടിനും 10000 പൗണ്ടിനും ഇടയിലുള്ള പണമാണ് വിസകൾക്കായി അനധികൃതമായി കൈപ്പറ്റിയതെന്ന ബിബിസി വാർത്ത ഈ മേഖലയിൽ വൻ നിയന്ത്രണങ്ങളും നടപടികളും എടുക്കാൻ ഹോം ഓഫീസിനെ പ്രേരിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. യുകെ ഗവൺമെന്റിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നവർക്ക് മൂന്നുവർഷത്തേക്ക് കെയർ വിസയ്ക്കായി ചിലവാകുന്നത് 551 പൗണ്ട് മാത്രമാണ് . വരും ദിവസങ്ങളിൽ കെയർ വിസ തട്ടിപ്പിന്റെ പിന്നാമ്പുറ കഥകളും വിഴുപ്പലക്കലുകളും യുകെ മലയാളി സമൂഹത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.