ലണ്ടൻ : എച്ച്‌ജിവി ഡ്രൈവർ ക്ഷാമം പരിഹരിക്കുന്നതിനും കൂടുതൽ പേരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി സൗജന്യ ട്രെയിനിങ് നൽകാൻ സർക്കാർ. എച്ച്‌ജിവി സ്‌കിൽസ് ബൂട്ട്‌ക്യാമ്പുകൾക്കുള്ള ഫണ്ടിംഗ് 17 മില്യൺ പൗണ്ടിൽ നിന്ന് 34 മില്യൺ പൗണ്ട് ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. സർക്കാർ നടത്തുന്ന കോഴ്സിലൂടെ സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണൽ കോംപിറ്റൻസ് (CPC) നേടാം. മൂന്നു വിഭാഗങ്ങളിലായാണ് കോഴ്സ് നടത്തുന്നത്.

1. എച്ച്ജിവി ഡ്രൈവിംഗിലേക്ക് പുതുതായി എത്തുന്നവർ.
2. എച്ച്ജിവി ഡ്രൈവിംഗിലേക്ക് തിരികെയെത്തുന്നവർ.
3. നിലവിലെ എച്ച്ജിവി ലൈസൻസ് അപ്ഗ്രേഡ് ചെയ്യുന്നവർ.

നിങ്ങൾക്ക് ഒരു പൂർണ്ണ കാർ ലൈസൻസോ ഇടത്തരം വാഹന ലൈസൻസോ (കാറ്റഗറി C1) ലഭിച്ചിട്ടുണ്ടെങ്കിൽ, താഴെ പറയുന്ന ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള യോഗ്യത നേടാൻ ബൂട്ട്ക്യാമ്പുകൾ സഹായിക്കും;

•എച്ച്ജിവി (കാറ്റഗറി സി) – യുകെയിലുടനീളമുള്ള വാണിജ്യ ഉത്പന്നങ്ങളുടെ വിതരണത്തിന് ഉപയോഗിക്കുന്നവ.

•ക്യാബും ട്രെയിലറും കൂടിച്ചേരുന്ന ലോറി (കാറ്റഗറി സി + ഇ) – പ്രധാനമായും ദീർഘദൂര ചരക്കുനീക്കത്തിനോ ഭാരമേറിയ സാധനങ്ങളുടെ വിതരണത്തിനോ ഉപയോഗിക്കുന്നു.

രാജ്യത്ത് ഒരു ലക്ഷം എച്ച്ജിവി ഡ്രൈവർമാരെ ആവശ്യമുണ്ട്. കോവിഡ്, നികുതി മാറ്റങ്ങൾ, ബ്രെക്‌സിറ്റ്, കുറഞ്ഞ വേതനം, മോശം തൊഴിൽ സാഹചര്യങ്ങൾ എന്നിവ കാരണം ഡ്രൈവർമാർ ജോലി ഉപേക്ഷിച്ചു പോയി. ലോറി ഡ്രൈവർമാരുടെ ദൗർലഭ്യം ഒരു പുതിയ പ്രശ്‌നമല്ലെങ്കിലും ഡ്രൈവർ ക്ഷാമത്തിന്റെ അനന്തരഫലങ്ങൾ ബിസിനസ്സുകളുടെ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുകയുണ്ടായി.