തിരുവനന്തപുരം: മനുഷ്യകടത്ത് നടത്തി യുവതികളെ വിദേശത്ത് ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ച് വരികയായിരുന്ന സംഘത്തിലെ നടത്തിപ്പുകാരായ ദമ്പതികളെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. ബാലുശേരി സ്വദേശി അബ്ദുള്‍ നാസര്‍ എന്ന് വിളിയ്ക്കുന്ന നസീര്‍, കൊല്ലം ചന്ദനതോപ്പ് സ്വദേശിനി സുമി എന്ന് വിളിയ്ക്കുന്ന ഷാജിദ എന്നിവരാണ് മുംബൈയില്‍ പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ നാലരക്ക് ബഹ്‌റിനില്‍ നിന്നുള്ള വിമാനത്തില്‍ മുംബൈയിലെത്തിയ ഇരുവരെയും ഭീകരവിരുദ്ധ സേനയും എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരും തടഞ്ഞ് വച്ചു. കേരള പോലീസ് ഇരുവര്‍ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരെയും മുംബൈയ് ഭീകരവിരുദ്ധ സേന ഐജി. നികേത് കൗശിക്കിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് വയ്ക്കുകയും മുബൈയ് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

മുംബൈയ് പോലീസ് കേരള പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു തിരുവനന്തപുരത്ത് നിന്നുള്ള പോലീസ് സംഘം മുംബൈയിലേക്ക് പോകുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാസറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഷാജിദയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. നാളെ വൈകുന്നേരത്തോടെ ഇരുവരെയും മുംബൈയില്‍ നിന്നും തിരുവനന്തപുരത്തെത്തിക്കും.

ബഹ്‌റിന്‍, ദുബായ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തേക്ക് കടത്തി നിര്‍ബന്ധിച്ച് ലൈംഗിക വ്യാപാരം നടത്തി വന്ന ഇരുവര്‍ക്കുമെതിരെ ഇരകളാക്കപ്പെട്ട യുവതികള്‍ പോലീസില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യാന്തര ബന്ധമുള്ള കേസായതിനാല്‍ ഡിജിപി. ടി.പി.സെന്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.

ബഹ്‌റിനില്‍ ഇരുവരും പോലീസിന്റെ പിടിയിലാകുമെന്ന് മനസ്സിലാക്കി അവിടെ നിന്നും ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു ഇരുവരുമെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. നസീറിനെയും ഷാജിദയെയും നാളെ വൈകുന്നേരത്തോടെ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെത്തിക്കും. ബഹ്‌റിന്‍ കേന്ദ്രീകരിച്ച് ഇവരുടെ അഭാവത്തില്‍ രഹസ്യമായി ഇടപാടുകള്‍ നടത്താനായി കൊച്ചിയില്‍ നിന്നും അഞ്ച് പേരെ ബഹ്‌റിനിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തിയ ശേഷമാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്ന്്് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇവരുടെ നിര്‍ദേശാനുസരണം ബഹ്‌റിനിലേക്ക് പുറപ്പെടാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അഞ്ച് പേരെ ക്രൈംബ്രാഞ്ചും സൈബര്‍ പോലീസും ചേര്‍ന്ന് പിടികൂടി. കൊച്ചി സ്വദേശികളായ മനാഫ്, ദിലീപ് ഖാന്‍, എന്നിവരെ കൂടാതെ രണ്ട് യുവതികളും ഒരു യുവാവുമാണ് സൈബര്‍ പോലീസിന്റെ കസ്റ്റഡിയിലായത്. ഇവരെ ക്രൈംബ്രാഞ്ച് ഐജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബഹ്‌റിനില്‍ നിന്നും രക്ഷപ്പെട്ട് ചെന്നൈ കേന്ദ്രീകരിച്ച് പെണ്‍വാണിഭ ഇടപാട് നടത്തുന്നതിനാണ് അബ്ദുള്‍ നസീറും ഷാജിദയും പദ്ധതി തയ്യാറാക്കിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ നസീര്‍ പ്രത്യേക അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇരുവരെയും ചോദ്യം ചെയ്യുകയാണ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. പി.വേലായുധന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് നസീറിനെയും ഷാജിദയെയും കസ്റ്റഡിയിലെടുത്തത്.

കൊച്ചി കേന്ദ്രീകരിച്ച് നടത്തിയ ഓണ്‍ ലൈന്‍ പെണ്‍വാണിഭ കേസില്‍ രാഹുല്‍ പശുപാലന്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായതിന്റെ ചുവട് പിടിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് രാജ്യന്തര ബന്ധമുള്ള മനുഷ്യകടത്തിലെയും പെണ്‍വാണിഭ ഇടപാടുകളിലെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്താകാനും പ്രതികളെ പിടികൂടാന്‍ സഹായിച്ചതും. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ അച്ചായന്‍ എന്ന് വിളിയ്ക്കുന്ന ജോഷിയുടെ മകന്‍ ജോയിസിനെ പിടികൂടിയതോടെയാണ് കേസ് പുതിയ വഴിത്തിരിവിലേക്ക് കടന്നത്.

ജോയിസിന്റെ സുഹൃത്തും പറവൂര്‍ പെണ്‍വാണിഭ കേസിലെ കൂട്ടുപ്രതിയുമായിരുന്ന ആലുവ സ്വദേശി മുജീബും ജോയിസും ചേര്‍ന്നാണ് വിദേശത്തേക്ക് യുവതികളെ ലൈംഗിക വ്യാപാരത്തിന് എത്തിച്ചിരുന്നതെന്ന് ഇരകളാക്കപ്പെട്ട യുവതികള്‍ പോലീസില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ബഹ്‌റിന്‍ കേന്ദ്രീകരിച്ച് മുജീബും നസീറും ഷാജിദയുമാണ് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതെന്ന് ഇരകളായ യുവതികള്‍ തങ്ങള്‍ അനുഭവിച്ച യാതനകള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.

ലൈംഗിക വ്യാപാരത്തിന് വഴങ്ങാത്തവരെ കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ പുറത്തായതോടെയാണ് കേസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടന്നത്. രണ്ട് വര്‍ഷക്കാലത്തിനിടെ 63-ഓളം യുവതികളെ കേരളത്തിലെ വിവിധ വിമാനത്താവളത്തില്‍ നിന്നും വിദേശത്തേക്ക് കടത്തിയിരുന്നതായി ജോയിസും കൂട്ടുപ്രതിയായ അക്ബറും ചോദ്യം ചെയ്യലില്‍ നേരത്തെ പോലീസിനോട് സമ്മതിച്ചിരുന്നു.