കമിതാക്കൾ തീപൊള്ളലേറ്റ്​ മരിച്ചത് യുവാവിന്റെ ജന്മദിനത്തിൽ. കൊല്ലങ്കോട് കിഴക്കേഗ്രാമം രമേശിന്‍റെ മകൻ സുബ്രഹ്മണ്യൻ എന്ന ശിവ (24), പാവടി ശെങ്കുന്തർ മണ്ഡപം റോഡിൽ ശെൽവന്‍റെ മകൾ ധന്യ എന്ന ശ്രേയ (16) എന്നിവരാണ് മരിച്ചത്. സുബ്രഹ്മണ്യന്‍റെ വീട്ടിലെ മുറിയിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ്​ സംഭവം. പിറന്നാളോഘോഷത്തിനായാണ് പെണ്‍കുട്ടിയെ യുവാവ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് നിഗമനം.

മുറിക്കകത്തുനിന്ന്​ തീയും പുകയും ഉയരുന്നത് സുബ്രഹ്മണ്യന്‍റെ മാതാവ്​ രാധയാണ് ആദ്യം കണ്ടത്. ഇവരുടെ ബഹളം കേട്ട്​ നാട്ടുകാരെത്തി വാതിൽ ചവിട്ടിത്തുറന്നാണ്​​ തീയണച്ചത്. ഇരുവരെയും നെന്മാറ സ്വകാര്യ ആശുപത്രികളിലെ പ്രാഥമിക ചികിത്സക്കു ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടുപേരും ഉച്ചയോടെ മരിച്ചു.

സുബ്രഹ്മണ്യന്‍റെ വീടിന്​ 200 മീറ്റർ അകലെയാണ്​ ധന്യയുടെ വീട്​. ട്യൂഷന് പോകുന്നെന്ന്​ പറഞ്ഞാണ് പുലർച്ച ആറോടെ വീട്ടിൽനിന്ന്​ ധന്യ ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. സുബ്രഹ്മണ്യന്‍റെ വീട്ടിലേക്ക് ധന്യ എത്തിയത് ആരും അറിഞ്ഞിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു വർഷം മുമ്പുവരെ ധന്യയുടെ വീട്ടുകാർ സുബ്രഹ്മണ്യന്‍റെ വീടിന്​ സമീപം വാടകക്ക് താമസിച്ചിരുന്നു. ഈ സമയത്താണ്​ ഇരുവരും പ്രണയത്തിലായത്​. നാല് വർഷത്തിനുശേഷം വിവാഹം കഴിപ്പിക്കാമെന്ന ധാരണയിൽ ഇരുവീട്ടുകാരും സംസാരിച്ച് ധാരണയായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

എം.ബി.എ കഴിഞ്ഞ് ഐ.ടി കമ്പനിയിൽ വർക്ക് ഫ്രം ഹോമായി ജോലി ചെയ്യുന്ന സുബ്രഹ്മണ്യന്‍റെ ഇരുപത്തിനാലാം ജന്മദിനമായിരുന്നു ഞായറാഴ്ച. കൊല്ലങ്കോട്​ ബി.എസ്.എസ്.എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് ധന്യ. കൊല്ലങ്കോട് സി.ഐ എ. വിപിൻദാസിനാണ്​ അന്വേഷണച്ചുമതല. മൃതദേഹങ്ങൾ എറണാകുളം സ്വകാര്യ ആശുപത്രിയിൽ. രാധയാണ്​ സുബ്രഹ്മണ്യന്‍റെ മാതാവ്. സഹോദരൻ: ഗണേശ്. ധന്യയുടെ മാതാവ്: അമുദ, സഹോദരൻ: രാഹുൽ.