ജോസ് ജെ വെടികാട്ട്

അരിക്കൊമ്പനരക്കിട്ടുറപ്പിച്ച അരക്കില്ലമീയുലകം!

ഇവിടെ വ്യവസ്ഥിതിയുടെ പാരതന്ത്ര്യം തുടരുന്നു!അഗ്നിഭീതിയിൽ കഴിയുക നാമിവിടെ ദീർഘനിശ്വാസമുതിരും നിഷ്ക്കർഷയിൽ!
ഉറപ്പിലിവിടെ ഒരു ശുഭത്തിനും, അശുഭങ്ങളാം വിപത്തുകളെ കാത്ത് നമുക്ക് രാവുകൾ പകലുകളാക്കാം!
ആ പകലുകളായിരിക്കട്ടെ നമ്മുടെയേക ശുഭപ്രതീക്ഷ!
അതാ അരിക്കൊമ്പനാനപ്പുറത്ത് അർക്കൻ എഴുന്നള്ളുന്നു, ആപേക്ഷികതയിലെ നേരാകും അർക്കൻ!
വിഭ്രാന്തി പൂണ്ട ഒരു പകൽ സ്വപ്നമാകാം ഇത്!
മല കൂടുതൽ കറുക്കുന്നു,
ഇത് ഭാവനാദാരിദ്ര്യം! ദ്രവിച്ച സങ്കല്പനൂലിഴയിന്മേൽ മറ്റെന്തു ഭാവന പുൽകാൻ!
കറുപ്പിനും അഴകുണ്ടെന്ന തിരിച്ചറിയൽ നമുക്ക് സമാശ്വാസം!
ആരുടെയൊക്കയോ പാനപാത്രത്തിൽ നിറയും ലഹരി പകരും വീഞ്ഞായ് മാറി നാം!
അന്യവത്ക്കരണത്തിന്റെ ആധാരം അവകാശമാക്കിയ അന്യർ നാം , ആലംബഹീനർ!
അസ്ഥിത്ത്വശൂന്യർ!

കാട് വിട്ട് നാട്ടിലായാലും, നാട് വിട്ട് കാട്ടിലായാലും, അരിക്കൊമ്പനെ നാം നിസ്സംഗമാം നിഷ്ക്രിയതയോടെ സ്വാഗതം ചെയ്യും, കാടിനെയും നാടിനെയും വേർതിരിക്കും ലോലതന്തുവല്ലേ നമ്മേ ശ്രേഷ്ഠരാക്കുന്നത്! നാമെന്തിന് മാന്യതയുടെ മുഖംമൂടി അണിയണം?!

ഇനിയും നമുക്ക് കറുപ്പിന്റെ ,ഇരുളിന്റെ താളം തുടരാം, വ്യർത്ഥ പകൽസ്വപ്നങ്ങൾ തൻ ഘോഷയാത്ര നിറഞ്ഞൊരു പകലുകൾക്ക് നമുക്കീ ജീവിതത്തിൽ തിരി കൊളുത്താം!
അരിക്കൊമ്പൻ ജയിക്കട്ടെ!

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .